ഇന്ത്യയില്‍ മൂന്നാമത്തെ വാക്‌സിന്‍ ഉടന്‍ എത്തും; അനുമതി നല്‍കാന്‍ പോകുന്നത് മറ്റൊരു രാജ്യം വികസിപ്പിച്ച വാക്‌സിന്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നാമത് ഒരു വാക്‌സിന് കൂടി ഉടന്‍ ഉപയോഗിച്ചു തുടങ്ങും. റഷ്യ വികസിപ്പിച്ച സ്പുഡ്‌നിക് -V വാക്‌സിനായിരിക്കും രാജ്യത്ത് ഉപയോഗിക്കുക. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സബ്‌ജറ്റ് കമ്മിറ്റി ഇന്ന് തീരുമാനമെടുക്കും. അടിയന്തര സാഹചര്യത്തില്‍ സ്പുഡ്‌നിക് വാക്‌സിന്‍ കൂടി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡിസ് ലബോറട്ടറീസാണ് ഇന്ത്യയില്‍ സ്പുഡ്നിക് വാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി സര്‍ക്കാരിനോട് തേടിയിരിക്കുന്നത്. ഇത് സംബന്ധിച്ച് അവര്‍ ഫെബ്രുവരി 24ന് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിയിരുന്നു. അതിന് സബ്‌ജറ്റ് കമ്മിറ്റിയുടെ മറുപടി ഏപ്രില്‍ ഒന്നിന് നല്‍കി. വാക്‌സിന്‍ ഉപയോഗത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ചും ആര്‍.റ്റി-പി.സി.ആര്‍ ടെസ്റ്റില്‍ രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകൾ സംബന്ധിച്ചും കൂടുതൽ വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഡോ. റെഡ്ഡിസ് ലബോറട്ടറീസ് സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടാണ് ഇന്ന് സബ്ജറ്റ് കമ്മിറ്റി പരിശോധിക്കുന്നത്.
ഡോ. റെഡ്ഡിസ് ലബോറട്ടറീസിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ സ്പുഡ്‌നിക് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടന്നത്. സ്പുഡ്‌നിക് വാക്‌സിന്റെ ഫലപ്രാപ്തി നിരക്ക് 91.6 ശതമാനമാണെന്നാണ് റഷ്യയുടെ അവകാശവാദം. ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ് എന്നി വാക്‌സിനുകളാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.