മെത്ത നിര്‍മിക്കാന്‍ പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്‌ക്; മഹാരാഷ്ട്രയിലെ ഫാക്ടറിയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

Monday 12 April 2021 1:00 PM IST

മുംബയ്: മെത്ത നിര്‍മാണത്തിന് പഞ്ഞിക്ക് പകരം ഉപയോഗിച്ചത് വലിച്ചെറിഞ്ഞ മാസ്‌കുകള്‍. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ നിന്നാണ് ഈ വാ‌ർത്ത പുറത്ത് വരുന്നത്. ജലഗോണ്‍ ജില്ലയിലെ ഒരു മെത്ത നിര്‍മാണശാലയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പഞ്ഞിക്കൊപ്പം മാസ്‌ക് നിറച്ച നിലയില്‍ നിരവധി മെത്തകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തു. ഫാക്ടറി ഉടമ അജ്മദ് അഹമ്മദ് മണ്‍സൂരിക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രികളിൽ ഉൾപ്പെടെ നിന്നാണ് ഇത്തരത്തിൽ ഉപയോഗിച്ച മാസ്കുകൾ ഫാക്ടറിയിൽ എത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊവിഡ് ആരംഭിച്ച ശേഷം കഴിഞ്ഞ വര്‍ഷം ജൂണിനും സെപ്തംബറിനും ഇടയില്‍ മാസ്‌കും കൈയുറകളും ഉള്‍പ്പെടെ 18000 ടണ്‍ ജൈവമാലിന്യങ്ങളാണ് സൃഷ്ടിക്കപ്പെടുന്നു എന്നാണ് കണക്കാക്കുന്നത്. ഈ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്. ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ്. ലോകത്ത് രോഗബാധിതരാകുന്ന ആറു പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്ന നിലയിലാണ് രാജ്യത്തെ കൊവിഡ് വ്യാപന നിരക്ക്.