എന്തൊക്കെ ചെയ്തിട്ടും തൊഴിലിടത്തെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാൻ കഴിയുന്നില്ലെങ്കില്‍ പിന്നെന്താണ് ഒരു പ്രതിവിധി?

Monday 12 April 2021 1:06 PM IST

ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടർ പിപി വിജയൻ എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

തൊഴിലിടത്തുനിന്നുള്ള മാനസിക സമ്മർദ്ദം കുറയ്ക്കാനായി ചില ടിപ്‌സും അദ്ദേഹം കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.എന്തൊക്കെ ചെയ്തിട്ടും തൊഴിലിടത്തെ മാനസികസമ്മർദ്ദം ലഘൂകരിക്കാൻ കഴിയുന്നില്ലെങ്കിൽ ജോലി മാറുകയെന്നതാണ് പ്രതിവിധിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മാനസികസമ്മര്‍ദ്ദമുള്ള ജോലിയില്‍ കടിച്ചുതൂങ്ങി കിടക്കണോ? തൊഴിലിടത്തുനിന്നുള്ള മാനസികസമ്മര്‍ദ്ദങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഭയപ്പെടുത്തുന്ന രീതിയിലാണ് വര്‍ധിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് 300 മില്യണ്‍ ആളുകള്‍ ഡിപ്രഷന്‍ അഥവാ വിഷാദം അനുഭവിക്കുന്നുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തൊഴിലിടത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ്.

പത്തില്‍ ഒമ്പത് ഇന്ത്യക്കാരും ജോലിയുമായി ബന്ധപ്പെട്ട മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്ന് 2018ല്‍ നടന്ന സര്‍വേ പറയുന്നു. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള മാനസികപീഡനം, അമിത ജോലി, ജോലി നഷ്ടപ്പെടുമോയെന്ന ഭയം, വലിയ ടാര്‍ഗറ്റുകള്‍, സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പിന്തുണയില്ലാതിരിക്കുക... തുടങ്ങിയവയൊക്കെ സമ്മര്‍ദ്ദത്തിന് കാരണമാകാം. ജോലിയിലെ സമ്മര്‍ദ്ദം വ്യക്തിജീവിതത്തിന്റെയും സന്തോഷം കെടുത്തിക്കളയാം. സ്വന്തം വീട് കഴിഞ്ഞാലുള്ള രണ്ടാം വീടാണ് നിങ്ങളുടെ ഓഫീസ്.

നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടം.

1. നമ്മുടെ സന്തോഷം തീരുമാനിക്കേണ്ടതും അതിന് വേണ്ടി ശ്രമിക്കേണ്ടതും നമ്മള്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക. ഉള്ളിലെ സന്തോഷം കെടുത്തിക്കളയുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയുക.

2. ജോലി മാത്രമല്ല, വ്യക്തിജീവിതവും വളരെ പ്രധാനമാണ്. ജോലിക്ക് അമിതപ്രാധാന്യം കൊടുക്കുന്നവര്‍ക്ക് കൂടുതലായി മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്ന അവസ്ഥയുണ്ട്. നിങ്ങളുടെ ജീവിതത്തിലെ സമാധാനവും സന്തോഷവും നിര്‍ണ്ണയിക്കുന്നത് ഒരിക്കലും ജോലിയിലെ വിജയമോ പരാജയമോ ആകരുത്. മനസിന് സന്തോഷം തരുന്ന മറ്റ് കാര്യങ്ങള്‍ കണ്ടെത്തുക.

3. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. അതുകൊണ്ട് ശരീരത്തിന് മാത്രമല്ല ഗുണം. മനസിന് കൂടിയാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നവരില്‍ മാനസികസമ്മര്‍ദ്ദം കുറഞ്ഞിരിക്കും

. 4. ചെയ്യേണ്ട ജോലികള്‍ കൃത്യമായി പ്ലാന്‍ ചെയ്യുക. മുന്‍ഗണനാക്രമത്തില്‍ ലിസ്റ്റ് തയാറാക്കുന്നത് വളരെ ഗുണം ചെയ്യും. ഏറ്റവും പ്രാധാന്യമുള്ളതും അടിയന്തരസ്വഭാവമുള്ളതുമായ ജോലികള്‍ ആദ്യം ചെയ്ത് തീര്‍ക്കുക.

5. ജോലി ചെയ്യുന്ന സമയം പൂര്‍ണ്ണമായും അതില്‍ മുഴുകിയിരുന്ന് ചെയ്യുന്നത് വളരെ മികച്ച രീതിയിലും പ്രൊഡക്റ്റീവായും ജോലി തീര്‍ക്കാന്‍ നിങ്ങളെ സഹായിക്കും. ജോലിക്ക് ഇടയില്‍ ഫോണ്‍ നോക്കുന്നത് പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കുക.

6. നിങ്ങളുടെ ജോലി കൃത്യസമയത്ത് തന്നെ തീര്‍ത്ത് സമയത്ത് ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ ശ്രദ്ധിക്കുക. കാരണം ജോലിസമയം കഴിഞ്ഞുള്ള സമയം നിങ്ങളുടെ വ്യക്തിജീവിതത്തിനുള്ളതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അവകാശപ്പെട്ടതാണ്.

7. നിശ്ചിതസമയത്ത് തന്നെ ജോലി തീര്‍ക്കാന്‍ ശ്രദ്ധിക്കുക. ഇന്ന് ചെയ്യേണ്ട ജോലി നാളത്തേക്ക് മാറ്റിവെച്ച് ശീലിച്ചാല്‍ ജോലികള്‍ കുന്നുകൂടി ഒന്നിനും സമയമില്ലാത്ത അവസ്ഥയിലെത്തും.

8. എല്ലാം ഒറ്റയ്ക്ക് ചെയ്യും എന്ന അമിത ആത്മവിശ്വാസം ഒഴിവാക്കുക. മറ്റുള്ളവരുടെ സഹായം ആവശ്യമെങ്കില്‍ തേടുക.

9. മേലുദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുക. നല്ല സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുക. പകയും വൈരാഗ്യവും നിങ്ങളുടെ സന്തോഷമാണ് ഇല്ലാതാക്കുക. അതുപോലെ തന്നെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങളും കരിയറിനെ ബാധിച്ചേക്കാം.

10. എല്ലാദിവസവും കുറച്ചുസമയം മെഡിറ്റേഷന് വേണ്ടി മാറ്റിവെക്കുക. രാവിലെ കുറച്ചുസമയം അന്നത്തെ ജോലികള്‍ കൃത്യമായി പ്ലാന്‍ ചെയ്യുക. പ്ലാനിംഗിനായി 10 മിനിറ്റ് ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ മണിക്കൂറുകള്‍ നിങ്ങള്‍ക്ക് ലാഭിക്കാന്‍ കഴിയും. എന്തൊക്കെ ചെയ്തിട്ടും തൊഴിലിടത്തെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജോലി മാറുകയെന്നതാണ് പ്രതിവിധി. കാരണം നിങ്ങളുടെ ഇത്തരത്തില്‍ കടുത്ത സമ്മര്‍ദ്ദമുള്ള ജോലി നിങ്ങള്‍ക്ക് പലവിധ രോഗങ്ങള്‍ സമ്മാനിച്ചേക്കാം. ബന്ധങ്ങളെ ബാധിച്ചേക്കാം.