സുപ്രീംകോടതി ജീവനക്കാർക്ക് കൊവിഡ്, വാദം പൂർണമായും വെർച്വലാക്കി
ന്യൂഡൽഹി: സുപ്രീംകോടതിയിലെ 40ഓളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോടതിയുടെ പ്രവർത്തനം പൂർണമായും വെർച്വലാക്കി. 90 ജീവനക്കാരിൽ കൊവിഡ് പരിശോധന നടത്തിയപ്പോൾ 40 പേരിൽ രോഗബാധ കണ്ടെത്തി. പകുതിയിലധികം ജീവനക്കാർ നിരീക്ഷണത്തിലാണ്. മൂവായിരത്തിലധികം ജീവനക്കാരാണ് സുപ്രീംകോടതിയിൽ ഉള്ളത്.
ജുഡിഷ്യൽ പ്രവർത്തനങ്ങളെ മഹാമാരി ബാധിക്കുകയില്ലെന്ന് സുപ്രീംകോടതി ഇ-കമ്മിറ്റി ചെയർമാൻ കൂടിയായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. ജഡ്ജിമാർ അവരവരുടെ വസതികളിലിരുന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ വാദം കേൾക്കും. 16 ബെഞ്ചുകൾ പ്രവർത്തിക്കും. കൂടാതെ കോടതി മുറികളും പരിസരങ്ങളും ശുചീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഡൽഹി, അഹമ്മദാബാദ് കോടതികളിലെ ജഡ്ജിമാർക്കും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് കോടതികളുടെ പ്രവർത്തനം വിർച്വലാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കോടതികൾ ഭാഗികമായി ഓൺലൈനായാണ് പ്രവർത്തിച്ചിരുന്നത്.