ഓങ് സാൻ സൂചിയുടെമേൽ പുതിയ ക്രിമിനൽകുറ്റം

Tuesday 13 April 2021 12:14 AM IST

യാംഗൂൺ: മ്യാൻമറിലെ സൈന്യത്തിന്റെ അട്ടിമറി ഭരണത്തിനിടെ അറസ്റ്റിൽ കഴിയുന്ന നേതാവ് ഓങ് സാൻ സൂചിയുടെമേൽ വീണ്ടും ക്രിമിനൽകുറ്റം ചുമത്തി. പ്രകൃതിദുരന്തനിവാരണ നിയമത്തിലെ 25ാം വകുപ്പ് പ്രകാരമാണ് പുതിയകുറ്റം ചുമത്തിയിരിക്കുന്നത്. നിലവിൽ ആറ് കേസുകളാണ് സൂചിക്കുമേൽ ഇതുവരെ ചുമത്തിയത്. അഞ്ച് കേസുകൾ നായിപിഡാവിലും ഒരെണ്ണം യാങ്കോണിലുമാണ്. അതേസമയം സൈന്യത്തിന്റെ ഭരണത്തിനെതിരെ വർദ്ധിച്ചുവരുന്ന പ്രതിഷേധത്തെ അടിച്ചമർത്താൻ സൈന്യം ക്രൂരമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. ഫെബ്രുവരി 1ന് സൈന്യം ഭരണം പിടിച്ചെടുത്തതിന് ശേഷം അന്നുമുതൽ സൂചിയെ മോചിപ്പിക്കാനും ജനാധിപത്യം പുനസ്ഥാപിക്കാനും പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവുകളിൽ അണിനിരന്നത്. എന്നാൽ ഇവരെ നേരിടാനും പ്രതിഷേധത്തിൽ നിന്നും പിൻമാറാനും റബർബുള്ളറ്റുകൾ, ജലപീരങ്കികൾ എന്നിവ സൈന്യം ഉപയോഗിച്ചു. നിരവധിപേർ വെടിവയ്പ്പിലും പ്രതിഷേധപ്രകടനങ്ങളിലും കൊല്ലപ്പെട്ടു. അട്ടിമറിക്ക് ശേഷം വെറും 70 ദിവസത്തിനുള്ളിൽ 700ൽ അധികം പ്രതിഷേധക്കാർ കൊല്ലപ്പെടുകയും മൂവായിരത്തിൽപരംപേർ അറസ്റ്റിലാവുകയും ചെയ്തെന്നാണ് അസിസ്റ്റൻഡ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് മോണിറ്ററിംഗ് ഗ്രൂപ്പിന്റെ റിപ്പോർട്ട്. അതേസമയം, റോഡിലെ തടസം നീക്കാൻ പ്രക്ഷോഭകാരികൾ ആക്രമിക്കുകയായിരുന്നെന്നാണ് സുരക്ഷാസേനയുടെ പക്ഷം. നാടൻതോക്കും അമ്പുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പൊലീസ് അറിയിച്ചു. എന്നാൽ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം വിട്ടുനൽകാൻ ബന്ധുക്കളോട് സൈന്യം ആവശ്യപ്പെട്ടത് 85 ഡോളറാണ്. വെള്ളിയാഴ്ച ബഗോയിലുണ്ടായ പ്രക്ഷോഭത്തിലും പൊലീസ് റെയ്ഡിലും 82ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങളെല്ലാം മോർച്ചറിയിൽ കൂട്ടിയിട്ടിരിക്കുകയാണ്.

പ്രതിഷേധം ശകതമായതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധക്കാർ പ്രകടനങ്ങൾ നടത്തുകയാണ്. പ്രകടനത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം നിരവധിബസുകളാണ് കത്തിച്ചു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സൈനീക സർക്കാരിനെതിരെ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ജനാധിപത്യം പുനസ്ഥാപിക്കണമെന്നും മ്യാൻമറിന്റെ ഐക്യരാഷ്ട്രസഭയിലെ അംബാസഡർ ആവശ്യപ്പെട്ടു.