അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിയ്ക്കെതിരായ കേസ് പരിഗണിക്കുന്നത് വിജിലൻസ് കോടതി മാറ്റിവച്ചു

Tuesday 13 April 2021 11:28 AM IST

കോഴിക്കോട്: കെ എം ഷാജി എം എൽ എയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് കോഴിക്കോട് വിജിലൻസ് കോടതി ഈ മാസം 23ലേക്ക് മാറ്റി. ജഡ്ജി അവധിയായതിനാലാണിത്. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കും.

വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിയാണ് അവസാനിച്ചത്.മുഖ്യമന്ത്രി പകപോക്കുകയാണെന്നായിരുന്നു റെയ്ഡിനെക്കുറിച്ചുള്ള എം എൽ എയുടെ പ്രതികരണം. 'വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ട്. മൂന്നു ദിവസം അവധിയായതിനാൽ പണം ബാങ്കിൽ അടക്കാനായില്ല. സ്ഥാനാർത്ഥിയായതിനാൽ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലൻസുകാർ പണം കൈവശപ്പെടുത്തിയത്. ഇത് എനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്'- ഷാജി പറഞ്ഞു.

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു. ഷാജിക്കെതിരെ നവംബറിൽ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ എം എൽ എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു