ജലീലിന്റെ രാജി ധാർമ്മികത ഉയർത്തിപ്പിടിച്ച്; തെ‌റ്റ് ചെയ്‌തെന്ന് അംഗീകരിച്ചിട്ടില്ലെന്ന് എ വിജയരാഘവൻ

Tuesday 13 April 2021 2:14 PM IST

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ ധാർമ്മികതയെ ഉയർത്തിപ്പിടിച്ച സമീപനമാണ് രാജിയിലൂടെ കെ.ടി ജലീൽ സ്വീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. 'രാജി നല്ല തീരുമാനമാണ്. പാർട്ടി ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പൊതുജീവിതത്തിൽ മാന്യത ഉയ‌ർത്തിപ്പിടിക്കാൻ ശ്രമിച്ച ആളാണ് കെ.ടി ജലീൽ. ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിലുള‌ള അദ്ദേഹത്തിന്റെ നടപടി സ്വാഗതാർഹമാണ്. രാജി വച്ചു എന്നതുകൊണ്ട് തെ‌റ്റ് ചെയ്‌തു എന്ന് ജലീലോ പാർട്ടിയോ അംഗീകരിച്ചിട്ടില്ല' വിജയരാഘവൻ കൂട്ടിച്ചേർത്തു.

യുഡിഎഫ് നേതാക്കൾ ഇത്തരത്തിൽ ആരോപണമുയർന്നപ്പോൾ രാജിവച്ചിട്ടില്ല. പാമോലിൻ കേസിൽ ഉമ്മൻചാണ്ടിക്ക് പങ്കുണ്ടെന്ന പരാമർശം വന്നിട്ടുപോലും അദ്ദേഹം രാജിവച്ചില്ല.സോളാർ കേസിൽ കെ.ബാബു രാജിവച്ചില്ല. അദ്ദേഹത്തിന്റെ രാജിക്കത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പോക്ക‌റ്റിലിട്ട് കൊണ്ടുനടന്നതായും എ.വിജയരാഘവൻ പരിഹസിച്ചു.

ജലീലിന്റെ രാജിമുഹൂർത്തം മാദ്ധ്യമങ്ങൾ നിശ്ചയിക്കേണ്ട ആവശ്യമില്ല, ലോകായുക്ത വിധിയിൽ നിയമപരമായ കാര്യങ്ങൾ ആലോചിച്ച് യുക്തമായ തീരുമാനമാണ് ഇപ്പോൾ എടുത്തതെന്ന് വിജയരാഘവൻ അഭിപ്രായപ്പെട്ടു. സമൂഹമാദ്ധ്യമങ്ങളിൽ രാജി തീരുമാനം അറിയിച്ചുകൊണ്ടുള‌ള പോസ്‌റ്റിൽ പറഞ്ഞത് ജലീലിന്റെ അനുഭവ പശ്ചാത്തലത്തിലുള‌ള കാര്യങ്ങളാണെന്നും എ.വിജയരാഘവൻ പറഞ്ഞു.

നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനമാണ് ലോകായുക്ത. ആ ലോകായുക്തയുടെ ഉത്തരവിൽ ഒരുസമയ പരിധി കൽപിച്ചിരുന്നു. അതിനാൽ വിധിയിൽ നിയമപരമായ കാര്യങ്ങളെ എങ്ങനെ സമീപിക്കണം എന്ന് ആ സമയത്തിനനുസരിച്ച് തീരുമാനമെടുത്താൽ മതിയെന്നും എ.വിജയരാഘവൻ പ്രതികരിച്ചു.