ബന്ധുനിയമനം നടന്നതിലൂടെ മുഖ്യമന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം, ​ ജലീൽ രാജിവച്ചത് കള‌ളത്തരം കൈയോടെ പിടികൂടിയ ജാള്യത കൊണ്ടെന്ന് വി മുരളീധരൻ

Tuesday 13 April 2021 3:47 PM IST

ന്യൂഡൽഹി: കെ.ടി ജലീൽ മന്ത്രിസ്ഥാനം രാജിവയ്‌ക്കാനിടയായ കേസ് അഴിമതിയും സത്യപ്രതിജ്ഞാ ലംഘനം ഉൾപ്പെട്ടതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി രാജിക്കാര്യത്തെകുറിച്ച് മൗനം പാലിക്കുന്നതെന്താണെന്ന് വി. മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രിയറിഞ്ഞാണ് നിയമനം നടത്തിയത്. അതിലൂടെ മുഖ്യമന്ത്രിയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടുണ്ട്.

അഴിമതിയോട് അസഹിഷ്‌ണുത എന്നാണ് അഞ്ച് വർഷം മുൻപ് ഭരണത്തിലേറിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞത്. ഇത് ഇപ്പോഴും സർക്കാരിന്റെ നയമാണോയെന്നും വി.മുരളീധരൻ ചോദിച്ചു. കള‌ളത്തരം കൈയോടെ പിടിക്കപ്പെട്ടപ്പോൾ നിവൃത്തികേട് കൊണ്ടാണ് ജലീൽ രാജിവച്ചത്. മുൻപും പല വിഷയങ്ങളിൽ മുഖ്യമന്ത്രി സ്വീകരിച്ച നയം നമുക്കറിയാം. മാദ്ധ്യമ വേട്ടയും ഇരവാദവും ഉയർത്തി ജലീൽ സമൂഹത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും വി.മുരളീധരൻ ആരോപിച്ചു.

കെ.ടി ജലീലിന് യു.എ.ഇ കോൺസുലേ‌റ്റുമായി പതിവിൽ കവിഞ്ഞ അടുപ്പമാണ് ഉണ്ടായിരുന്നത്. മതഗ്രന്ഥങ്ങൾ വിതരണം ചെയ്‌ത സംഭവത്തിൽ ചോദ്യംചെയ്യലിന് പാതിരായ്‌ക്ക് തലയിൽ മുണ്ടിട്ട് പോയ ആൾ ധാർമ്മികത പറയുകയാണെന്നും വി.മുരളീധരൻ പരിഹസിച്ചു. ജലീലിനെ മുഖ്യമന്ത്രി ന്യായീകരിച്ചത് മുഖ്യമന്ത്രിക്ക് കൂടി ഇതിൽ പങ്കുള‌ളതുകൊണ്ടാണെന്ന് വി.മുരളീധരൻ പറഞ്ഞു.

ജലീൽ മാത്രം രാജിവയ്‌ക്കുന്നതിൽ എന്ത് ധാർമ്മികതയാണുള‌ളതെന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് നിയമമന്ത്രിയായ എ.കെ ബാലൻ ബന്ധുക്കളെ നിയമിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത്. ജലീലിന്റെ ഈ രാജി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള‌ള ശ്രമമാണ്.അഴിമതിക്കാരനായ മുഖ്യമന്ത്രി കൂടി രാജിവക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.