100 രൂപയ്ക്ക് വിഷുക്കിറ്റ്, കളറായി വിഷു പർച്ചേസിംഗ്
Wednesday 14 April 2021 2:13 AM IST
തിരുവനന്തപുരം: ഒരു പിടി കണിക്കൊന്ന, തണ്ടും ഇലയോടുകൂടിയ രണ്ട് ചെറിയ മാങ്ങ, കശുമാങ്ങ... എല്ലാ കൂടി ചേർത്ത് കവറിലാക്കി വാങ്ങാം, രൂപ നൂറ്. രാവിലെ 75 ആയിരുന്നത് വൈകിട്ടായപ്പോൾ നൂറായതാണ്. എല്ലാം വഴിയോരത്തു നിന്നും കിട്ടും. വിഷുവല്ലേ, ആഘോഷം കളറാക്കാൻ ഇത്തരം 'വിഷുക്കിറ്റുകൾ' വാങ്ങി ജനം പോയി. ചില കിറ്റുകളിൽ അയണിച്ചക്കയും പുറുത്തിച്ചക്കയും ചിലതിൽ ശീമച്ചക്കയുമൊക്കെയുണ്ടായിരുന്നു.
അതിരാവിലെ തന്നെ റോഡ് വക്കിലും ഗ്രാമപ്രദേശങ്ങളിലെ പറമ്പുകളിൽ നിന്ന പൂത്ത് നിന്ന കൊന്നമരങ്ങളിൽ കച്ചവടക്കാർ കയറി. ഇറങ്ങിയപ്പോൾ കൊന്ന മരം മൊട്ട! പൂവെല്ലാം ചാക്കിൽ. നേരെ നഗരത്തിലേക്ക്. മാങ്ങായും മറ്റ് ഐറ്റംസും ചേർത്ത് കിറ്റ് റെഡി. കിറ്റിനൊപ്പം കുറച്ച് പഴ വർഗങ്ങളും വാങ്ങിയാണ് ഓഫീസിൽ നിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങിയത്.