സിസിടിവി ദൃശ്യങ്ങള്‍ തുണയായി; നൂറുപവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

Wednesday 14 April 2021 12:57 PM IST

തിരുവനന്തപുരം: പള്ളിപ്പുറത്ത് ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രതികള്‍ സഞ്ചരിച്ച കാറുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവരെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 12 അംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ഇവരില്‍ ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ മംഗലപുരം കുറക്കോട് ടെക്നോസിറ്റിക്കു സമീപത്തു വച്ചാണ് മോഷണം നടന്നത്. ആഭരണ വ്യാപാരിയായ സമ്പത്തും മറ്റു രണ്ടുപേരും യാത്രചെയ്തിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണം കവരുകയായിരുന്നു. സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് ജൂവലറികള്‍ക്കു നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും ഡ്രൈവര്‍ അരുണിനെയും ബന്ധു ലക്ഷ്മണനെയുമാണ് ആക്രമിച്ചത്. നെയ്യാറ്റിന്‍കര ഭാഗത്തുനിന്നുമാണ് സമ്പത്ത് എത്തിയത്. ഇവരെ പിന്തുടര്‍ന്ന് കാറിലെത്തിയതാണ് അക്രമിസംഘം. ആറ്റിങ്ങലിലെ ഒരു ജൂവലറിയിലേക്കു കൊടുക്കാനായി കൊണ്ടുവന്ന നൂറുപവനോളം വരുന്ന സ്വര്‍ണം തട്ടിയെടുത്തുവെന്നാണ് കേസ്.