വെൽഡൺ മോദി ജീ... ജനനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ജനാധിപത്യ കടമയാണ്'– പ്രധാനമന്ത്രിക്ക് കോൺഗ്രസിന്റെ ട്വിറ്റർ സന്ദേശം

Wednesday 14 April 2021 6:20 PM IST

ന്യൂഡൽഹി: സി.ബി.എസ്‌.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സന്ദേശമയച്ച് കോൺഗ്രസ്. 'വെൽഡൻ മോദി ജി, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെയും ഉപദേശം കേൾക്കുന്നത് നമ്മുടെ രാഷ്ട്രത്തെ മെച്ചപ്പെടുത്തുന്നതിൽ ഏറെ മുന്നോട്ട് കൊണ്ടു പോകും. നമ്മുടെ ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ജനാധിപത്യ കടമയാണെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.

നടപടിയിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു. പത്താം ക്ലാസ് പരീക്ഷ സർക്കാർ റദ്ദാക്കിയതിൽ സന്തോഷമുണ്ട്. എന്നിരുന്നാലും പന്ത്രണ്ടാം ക്ലാസ്സിനും അന്തിമ തീരുമാനം എടുക്കേണ്ടതാണ്. ജൂൺ വരെ വിദ്യാർത്ഥികളെ അനാവശ്യ സമ്മർദത്തിലാക്കരുത്. ഇത് അന്യായമാണ്. ഇപ്പോൾ തീരുമാനമെടുക്കാൻ ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റിൽ പറഞ്ഞു.

പരീക്ഷ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും നടപടിയെ സ്വാഗതം ചെയ്തു.