കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും; പിടിച്ചെടുത്ത രേഖകളെയും പണത്തെയും കുറിച്ച് കോടതിയിൽ റിപ്പോർട്ട് നൽകും

Thursday 15 April 2021 9:27 AM IST

കൊച്ചി: കെ എം ഷാജി എം എൽ എയെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് മുന്നോടിയായി വിജിലൻസ് ഇന്ന് ഷാജിക്ക് നോട്ടീസ് നൽകും. ഷാജിയിൽ നിന്ന് പിടിച്ചെടുത്ത രേഖകളെ കുറിച്ചും പണത്തെ കുറിച്ചും കോടതിയിൽ വിജിലൻസ് ഇന്ന് റിപ്പോർട്ട് നൽകും.

മണിക്കൂറുകളോളം ഷാജിയുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ നിന്ന് എഴുപത്തിരണ്ടോളം രേഖകൾ വിജിലൻസ് പിടിച്ചെടുത്തുവെന്നാണ് വിവരം. കോഴിക്കോടും കണ്ണൂരുമുളള വീടുകളിൽ നിന്നായി അറുപത് പവന്റെ ആഭരണവും അമ്പത് ലക്ഷത്തോളം രൂപയുമാണ് കണ്ടെടുത്തത്. വിദേശ കറൻസിയടക്കം വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

അമ്പത് ലക്ഷം രൂപ തിരഞ്ഞെടുപ്പ് കാര്യങ്ങൾക്കായി സമാഹരിച്ചതാണെന്നും ഇനിയും കൊടുത്തുതീർക്കാനായുണ്ടെന്നുമാണ് ഷാജി മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിദേശ കറൻസി വിദേശയാത്രയ്‌ക്കിടെ മക്കൾക്ക് കിട്ടിയതാണെന്നും ഷാജി പറഞ്ഞു. കണ്ടെത്തിയ പണത്തിന്റെ ഉറവിടമാകും വിജിലൻസ് സംഘം ഷാജിയിൽ നിന്ന് ചോദിച്ച് മനസിലാക്കുക.