കതിരൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ സി പി എം പ്രവർത്തകന്റെ ഇരു കൈപ്പത്തികളും അറ്റു; കൂടുതൽ വിവരങ്ങൾ പുറത്ത്

Thursday 15 April 2021 12:42 PM IST

കണ്ണൂർ: കതിരൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ സി പി എം പ്രവർത്തകൻ നിജേഷിന്റെ രണ്ട് കൈപ്പത്തികളും അറ്റു. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ നിജേഷിന്റെ വിരലുകൾ കണ്ടെത്തി.

സ്ഥലത്ത് തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് മഞ്ഞൾപ്പൊടി വാരിവിതറിയ നിലയിലാണ്. ഇവിടെയുണ്ടായിരുന്ന കൂടുതൽ ബോംബുകൾ മറ്റിടത്തേക്ക് മാറ്റിയെന്നും പൊലീസ് സംശയിക്കുന്നു.

കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നിന്നും ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സി പി എമ്മിന്റെ ശക്തികേന്ദ്രമാണ് കതിരൂരിലെ നാലാം മൈൽ പ്രദേശം. ബോംബ് നിർമ്മിക്കുന്ന സമയത്ത് നിജേഷ് മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.