മോഹൻലാലിന്റെ ആറാട്ട് ടീസർ എത്തി
വില്ലന് ശേഷം ബി ഉണ്ണിക്കൃഷ്ണനും മോഹൻലാലും ഒരുമിക്കുന്ന ടീസർ പുറത്ത് വിട്ടു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലായിരിക്കും ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.
സിനിമയുടെ കഥയെക്കുറിച്ചോ പശ്ചാത്തലത്തേക്കുറിച്ചോ ഒരു സൂചനയും ടീസർ തരുന്നില്ലെങ്കിലും ആറാട്ടിന്റെ മൂഡ് എന്തായിരിക്കുമെന്ന് ടീസറിൽ നിന്ന് മനസിലാക്കാം. മോഹൻലാലിന്റെ പഴയകാല മാസ് ചിത്രങ്ങളുടെ ആവേശം ആറാട്ടിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. മീശപിരിച്ചും മുണ്ടു മടക്കി കുത്തിയും നിറഞ്ഞാടുന്ന ആരാധകരുടെ സ്വന്തം ലാലേട്ടനെയാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ബി.ഉണ്ണിക്കൃഷ്ണന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ചടുലതയുള്ള ഒരു ചിത്രമായിരിക്കും ആറാട്ടെന്ന് തന്നെയാണ് ടീസർ നൽകുന്ന സൂചന.
കോമഡിക്കൊപ്പം ആക്ഷനും പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണനാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹൻലാലും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി ഈ സിനിമയ്ക്കുണ്ട് ആറാട്ടിനേക്കുറിച്ച് വരുന്ന ഓരോ വാർത്തയും ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. സിനിമയിൽ മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറിന്റെ ചിത്രം അണിയറ പ്രവർത്തകർ നേരത്തെ പുറത്ത് വിട്ടിരുന്നു. 2255 എന്ന കാറിന്റെ നമ്പർ ആയിരുന്നു അപ്പോൾ ശ്രദ്ധ നേടിയത്. രാജാവിന്റെ മകനിലൂടെ പ്രശസ്തമായ ഫോൺ നമ്പരാണ് ഇത്. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തിനായി പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്കുള്ള ഗോപന്റെ യാത്രയാണ് സിനിമയുടെ ഇതിവൃത്തം. വരിക്കാശ്ശേരിമന ലൊക്കേഷനാകുന്ന മറ്റൊരു മോഹൻലാൽ ചിത്രം എന്ന പ്രത്യേകതകൂടി ആറാട്ടിനുണ്ട്.
ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രദ്ധ ശീനാഥാണ്. ഒരു ഐ.എ.എസ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് എത്തുന്നത്. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ഇന്ദ്രൻസ്, ജോണി ആന്റണി, ഷീല, രചന നാരായണൻക്കുട്ടി, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.