രാമക്ഷേത്ര നിർമ്മാണം : ധനസമാഹരണത്തിൽ 22 കോടി രൂപയുടെ വണ്ടിചെക്കും

Saturday 17 April 2021 1:18 AM IST

ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി നടത്തിയ ധനസമാഹരണത്തിൽ ലഭിച്ചത് 15,000 വണ്ടിച്ചെക്കുകൾ. വി.എച്ച്.പി അടക്കമുള്ള വിവിധ സംഘടനകൾക്ക് ലഭിച്ച ചെക്കുകളിൽ 22 കോടി രൂപയുടെ ചെക്കുകളാണ് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയത്. ക്ഷേത്ര നിർമാണത്തിനായി രൂപവത്കരിച്ച 'ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്' നടത്തിയ ആഡിറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാങ്കേതിക പിഴവുകൾ, ഒപ്പുകളിലെ പൊരുത്തക്കേട് തുടങ്ങിയ കാരണങ്ങൾ മൂലവും ചെക്കുകൾ മടങ്ങിയിട്ടുണ്ടാകാം.

മടങ്ങിയ 2,000 ചെക്കുകൾ അയോദ്ധ്യയിൽ നിന്നു തന്നെ ലഭിച്ചവയാണെന്ന് ട്രസ്റ്റിന്റെ ഖജാൻജി സ്വാമി ഗോവന്ദേവ് ഗിരി പറഞ്ഞു. മടങ്ങിയ ചെക്കുകൾ തന്നവർക്ക് തന്നെ തിരികെനൽകുമെന്നും പിഴവുകൾ തിരുത്താൻ അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് അധികൃതരുമായി ചേർന്ന് ചെക്കുകളിലെ പിഴവുകൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്ര പറഞ്ഞു.