കുംഭമേള: സന്യാസി പ്രമുഖൻ കൊവിഡ് ബാധിച്ച് മരിച്ചു

Saturday 17 April 2021 3:03 AM IST

ന്യൂഡൽഹി: ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത സന്യാസി പ്രമുഖൻ മഹാമണ്ഡലേശ്വർ കപിൽദേവ് ദാസ് (65) കൊവിഡ് ബാധിച്ച് മരിച്ചു. മദ്ധ്യപ്രദേശിലെ നിർവാണി അഖാഡയുടെ തലവനാണ് ദാസ്. അതേസമയം, അഖിലേന്ത്യാ അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയടക്കം 80 സന്യാസിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ ഉൾപ്പെടെ ഏപ്രിൽ 10 മുതൽ 15 വരെയുള്ള ദിവസങ്ങളിലായി മാത്രം കുംഭമേളയിൽ പങ്കെടുത്ത 2167 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് പശ്ചാത്തലത്തിൽ നരേന്ദ്ര ഗിരി പ്രതിനിധീകരിക്കുന്ന പ്രമുഖമായ നിരഞ്ജിനി അഖാഡയടക്കം രണ്ട് അഖാഡകൾ കുംഭമേളയിലെ അടുത്ത 'ഷാഹി സ്നാനി'ൽ നിന്ന് പിൻവാങ്ങി. ഏപ്രിൽ 27 നാണ് മൂന്നാമത്തെയും അവസാനത്തെയും ഷാഹി സ്നാൻ.