ഹൈക്കോടതി ഉത്തരവ് സർക്കാരിനേറ്റ പ്രഹരം: മുല്ലപ്പള്ളി
തിരുവനന്തപുരം: ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ചിന്റെ കേസുകൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് രഹസ്യധാരണ ഉണ്ടാക്കിയശേഷം കേന്ദ്ര ഏജൻസികൾ വേട്ടയാടുന്ന ഇരയെന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതിനെല്ലാം പിന്നിൽ. സ്വർണക്കടത്ത്, ഡോളർക്കടത്ത്, ലൈഫ് മിഷൻ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയും സി.പി.എമ്മും കേരളീയ സമൂഹത്തോട് മറുപടി പറയേണ്ട ഘട്ടമെത്തിയപ്പോൾ ജനശ്രദ്ധ തിരിക്കാനായാണ് കേന്ദ്ര ഏജൻസികൾക്കെതിരെ കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ സ്വർണക്കടത്തുപ്രതി സ്വപ്ന സുരേഷിന് മേൽ ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന വനിതാ പൊലീസുദ്യോഗസ്ഥയുടെ വെളിപ്പെടുത്തലിന്റെ പേരിലാണ് മുഖ്യമന്ത്രി കേന്ദ്ര ഏജൻസികൾക്കെതിരെ തിരിഞ്ഞത്. എന്നാൽ ഈ ദിവസങ്ങളിൽ വനിതാപൊലീസ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യത്തിലാണ് ചോദ്യംചെയ്യൽ നടന്നതെന്ന് കോടതിരേഖകളിലൂടെ പുറത്തുവന്നു. ഇതിന് പിന്നിലെ ഗൂഢാലോചന പരിശോധിക്കേണ്ട പൊലീസ് ഒരന്വേഷണവും പ്രഖ്യാപിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.