വിഷുക്കിറ്റ് നിറുത്തിയത് ജനവഞ്ചന: ചെന്നിത്തല
Saturday 17 April 2021 12:08 AM IST
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിറുത്തിയതിലൂടെ സി.പി.എമ്മും സർക്കാരും തങ്ങളുടെ ജനവഞ്ചന ഒരിക്കൽ കൂടി തെളിയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യാൻ സർക്കാരിന് വലിയ ഉത്സാഹമായിരുന്നു. എന്നാൽ കാര്യം കഴിഞ്ഞപ്പോൾ ജനങ്ങൾ വേണ്ടാതായി. കിറ്റ് വിതരണം പൂർണമായും നിറുത്തി വച്ചിരിക്കുകയാണ്.
ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം പറഞ്ഞത് ഒരിക്കൽക്കൂടി ശരിയാണെന്ന് തെളിഞ്ഞു. വോട്ട് തട്ടുന്നതിനുള്ള കള്ളക്കളിയാണ് സർക്കാരിന്റേതെന്ന സത്യം തുറന്നു പറഞ്ഞതിന് പ്രതിപക്ഷ നേതാവ് അന്നം മുടക്കുകയാണെന്നുപറഞ്ഞ് അപഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.