വിടവാങ്ങിയത് തമിഴ് സിനിമയിൽ ഹാസ്യത്തിന് പുതിയ ദിശ നൽകിയ നടൻ, ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് രജനികാന്ത്
ഇന്ന് പുലർച്ചെയാണ് നടൻ വിവേക് അന്തരിച്ചത്. തമിഴ് സിനിമയിൽ ഹാസ്യത്തിന് പുതിയ ദിശ നൽകിയ നടനാണ് വിടവാങ്ങിയത്. സാമൂഹിക വിമർശനം കൂടി ഉൾക്കൊള്ളുന്നതായിരുന്നു വിവേകിന്റെ തമാശകൾ. കേരളത്തിലും അദ്ദേഹത്തിന് ഒരുപാട് ആരാധകരുണ്ടായിരുന്നു.
ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധി പേർ താരത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും, വിവേകിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും നടൻ രജനികാന്ത് അനുശോചിച്ചു.മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ജയസൂര്യ തുടങ്ങി നിരവധി താരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു.
വിവേകിന്റെ മരണത്തയറിഞ്ഞ് താൻ തകർന്നു പോയെന്നും, നഷ്ടപ്പെട്ടത് ഒരു സഹോദരനേയും അടുത്ത സുഹൃത്തിനേയുമാണെന്ന് നടി സുഹാസിനി ട്വീറ്റ് ചെയ്തു. നടൻ സൂര്യ, കാർത്തി, ജ്യോതിക എന്നിവർ വിവേകിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിട്ടുണ്ട്.
Rest in peace legend @Actor_Vivek garu 🙏🙏🙏
You will be always remembered in our hearts.. #RIPVivek pic.twitter.com/vWgMFBZ75f— Telugu Suriya Fans™ (@Suriya_TFC) April 17, 2021
വിവേകിന്റെ മരണവാർത്തയറിഞ്ഞ് വികാര നിർഭരമായ കുറിപ്പാണ് നടി രംഭ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കൈകൾ വിറച്ചിട്ട് ഒന്നും എഴുതാനാകുന്നില്ലെന്നും, കണ്ണുനീർ അടക്കാൻ സാധിക്കുന്നില്ലെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.
1961 നവംബർ 19 ന് തൂത്തുക്കുടിയിലെ കോവിൽപട്ടിയിലാണ് വിവേകാനന്ദൻ (വിവേക്) ജനിച്ചത്. മധുരയിലെ അമേരിക്കൻ കോളജിൽ നിന്നും കൊമേഴ്സിൽ ബിരുദമെടുത്തു. ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്താണ് സംവിധായകൻ കെ ബാലചന്ദറിന് അദ്ദേഹം പരിചയപ്പെടുന്നത്. പിന്നീട് തിരക്കഥാ രചനയിലും മറ്റും ബാലചന്ദറിന്റെ സഹായിയായി. 1987ൽ പുറത്തിറങ്ങിയ മാനതിൽ ഉരുതി വേണ്ടും ആണ് ആദ്യ ചിത്രം.
പുതുപുതു അർഥങ്കൾ, ഒരുവീട് ഇരുവാസൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 1990കളില്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പർതാരങ്ങൾക്കുമൊപ്പവും അഭിനയിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
ഖുശി,റൺ, സാമി, ശിവാജി, അന്യൻ,ആദി, പേരഴഗൻ, എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി, വാലി, സിങ്കം, അഴഗി, തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകനായും വിവേക് തിളങ്ങി.മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാം, രജനികാന്ത് എന്നിവരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ.