പ്രിയതാരത്തിന്റെ വേർപാടിൽ തേങ്ങി തമിഴകം, അവസാനമായി ഒരു നോക്കുകാണാൻ താരങ്ങൾ വിവേകിന്റെ വസതിയിലേക്ക്
നടൻ വിവേകിന്റെ അപ്രതീക്ഷിത വേർപാടിൽ തേങ്ങി തമിഴകം. കൊവിഡ് ഭീതിയ്ക്കിടെയിലും തങ്ങളുടെ പ്രിയപ്പെട്ട ഹാസ്യ സാമ്രാട്ടിനെ അവസാനമായി ഒരു നോക്കുകാണാൻ ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിക്കൊണ്ടിരിക്കുന്നത്.
വിവേകിന്റെ മരണവാർത്തയറിഞ്ഞ് നടൻ സൂര്യ, ഭാര്യയും നടിയുമായ ജ്യോതിക, സഹോദരനും നടനുമായ കാർത്തി, നടൻ വിക്രം തുടങ്ങി നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്.
താരത്തിന്റെ മരണത്തിൽ നടിയും ബി ജെ പി നേതാവുമായ ഖുശ്ബു അനുശോചനം രേഖപ്പെടുത്തി. സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത്, കഷ്ടപ്പെട്ടിരുന്ന കാലത്ത്, ഹൃദയം തകരുകയും വേദനിക്കുകയും ചെയ്തിരുന്ന കാലത്തെല്ലാം നാം ഒരുമിച്ചുണ്ടായിരുന്നുവെന്ന് നടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്ന് പുലർച്ചെയാണ് വിവേക് അന്തരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെയാണ് അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകുന്നേരം അഞ്ച് മണിക്ക് മരണാനന്തര ചടങ്ങുകൾ നടക്കും