ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; പരാതിക്ക് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്ന് ജി സുധാകരന്‍ 

Saturday 17 April 2021 12:05 PM IST

ആലപ്പുഴ: തനിക്കെതിരെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി അടിസ്ഥാന രഹിതമെന്ന് മന്ത്രി ജി സുധാകരന്‍. തനിക്കെതിരെ പല പാര്‍ട്ടിയില്‍പ്പെട്ടവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബത്തെ വരെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നു. ഭാര്യക്കോ മകനോ വേണ്ടി എവിടെയും ഇടപ്പെട്ടില്ല. സ്റ്റാഫിനെതിരെ നടപടിയെടുക്കാൻ താന്‍ ആവശ്യപ്പെട്ടിട്ടില്ല. പരാതിക്ക് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ട്. ആലപ്പുഴയ്ക്ക് വേണ്ടി ഭംഗിയായി വികസനം നടത്തി. തനിക്കെതിരെ ഒരു സാമ്പത്തികാരോപണം പോലും ഇല്ല. തന്റെ കുടുംബത്തിന് നല്ല ഇടതുപക്ഷബോധമുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസയമം മന്ത്രിക്കെതിരായ പരാതി പിന്‍വലിച്ചതായി പൊലീസ് അറിയിച്ചു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നില്ലന്ന് പരാതിക്കാരി വിളിച്ച് അറിയിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, പരാതി പിന്‍വലിക്കില്ലെന്നാണ് പരാതിക്കാരിയുടെ പ്രതികരണം. പല ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പരാതി പിന്‍വലിക്കാന്‍ ഒരുക്കമല്ല. പിന്‍വലിച്ചു എന്ന് പൊലീസ് പറയുന്നത് ശരിയല്ലെന്നും എസ് പിക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

സംഭവത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനോട് വിശദീകരണം തേടാന്‍ സിപിഎം ഇന്നലെ തീരുമാനിച്ചിരുന്നു. പുറക്കാട് ലോക്കല്‍ കമ്മിറ്റിയുടേതായിരുന്നു തീരുമാനം. സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ജി സുധാകരനെതിരെ പരാതി ഉയര്‍ന്നത്. മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസിലാണ് പരാതി നല്‍കിയത്. എസ്എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ് ഇവര്‍. കഴിഞ്ഞ ജനുവരി എട്ടിന് പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്‌സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയര്‍ന്നിരുന്നു.