ഇ.ഡിക്കെതിരായ കേസ്: പരാതിക്കാരൻ റിവ്യൂ ഹർജി നൽകും

Sunday 18 April 2021 12:18 AM IST

കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തലിനെത്തുടർന്ന് താൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കാൻ പരാതിക്കാരൻ റിവ്യൂ ഹർജി നൽകും. തൃക്കാക്കര സ്വദേശി അഡ്വ. ആർ. സുനിൽ കുമാറാണ് പരാതിക്കാരൻ.

മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് സന്ദീപ് നായർ പൂജപ്പുര ജയിലിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കത്തെഴുതിയിരുന്നു. വാർത്തകളിൽ നിന്ന് ഇൗ വിവരമറിഞ്ഞ് അഡ്വ. സുനിൽ കുമാർ നൽകിയ പരാതിയിലാണ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. ഇൗ കേസ് റദ്ദാക്കാൻ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയ ഹർജിയിൽ എട്ടാമത്തെ എതിർകക്ഷിയായി സുനിൽ കുമാറിനെയും ഉൾപ്പെടുത്തിയിരുന്നു. തനിക്കു നോട്ടീസ് നൽകി വാദം കേട്ടില്ലെന്നും കോടതിയിൽ തനിക്ക് വാദമുന്നയിക്കാൻ അവസരം ലഭിച്ചില്ലെന്നും കാട്ടിയാണ് സുനിൽ കുമാർ റിവ്യൂഹർജി നൽകുന്നത്. സിംഗിൾബെഞ്ച് മദ്ധ്യവേനലവധിക്കു ശേഷമേ ഇനി സിറ്റിംഗ് നടത്തൂ എന്നതിനാൽ അവധിക്കു ശേഷം റിവ്യൂ ഹർജി നൽകുമെന്ന് അഡ്വ. സുനിൽ കുമാർ പറഞ്ഞു.