മഴ നനഞ്ഞ് നെല്ല് സംഭരണം

Sunday 18 April 2021 12:15 AM IST

പകൽ തെളിഞ്ഞുനിൽക്കുന്ന നീലാകാശമൊന്ന് ഇരുണ്ടുകൂടിയാൽ പാലക്കാട്ടെ കർഷകരുടെ നെഞ്ചിൽ തീയാണ്. ആയുസിന്റെ അദ്ധ്വാനം മഴയെടുക്കുമോ എന്ന ആധി. ജില്ലയിൽ ഫെബ്രുവരിയിൽ ആരംഭിച്ച കൊയ്ത്ത് 60 ശതമാനം പൂർത്തിയായെങ്കിലും സപ്ലൈകോയുടെ നെല്ല് സംഭരണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ആവശ്യത്തിന് ഫീൽഡ് സ്റ്റാഫുകളില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ പറയുന്നു. അടുത്ത ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇത് നെല്ല് സംഭരണം വൈകാൻ ഇടയാക്കും. സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാൽ കൊയ്തെടുത്ത നെല്ല് പാടങ്ങളിൽ തന്നെ സൂക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ. മഴ നനഞ്ഞ നെല്ലെടുക്കാൻ സപ്ലൈകോയും തയ്യാറല്ലെന്നതിനാൽ കടക്കെണിയിലാകുമെന്ന ആശങ്കയിലാണ് ചെറുകിട - ഇടത്തരം കർഷകർ.

പാലക്കാട് ജില്ലയിൽ കൊയ്ത്ത് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ജില്ലയിലാകെ 72100 ഹെക്ടറിലാണ് നിലവിൽ നെൽകൃഷി ചെയ്യുന്നത്. ഒറ്റപ്പാലം,​ പട്ടാമ്പി,​ മണ്ണാർക്കാട് താലൂക്കുകളിലെ സംഭരണം ഏകദേശം പൂർത്തിയാകുമ്പോൾ നിലവിൽ രണ്ടാംവിളയിൽ 52019.667 കിലോ നെല്ലാണ് സപ്ലൈകോ സംഭരിച്ചിട്ടുള്ളത്. ഈ സീസണിൽ 1.70 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ വർഷം ഒന്നാംവിളയ്ക്ക് ആകെ 1.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കാൻ കഴിഞ്ഞിരുന്നു.

ജില്ലയിൽ കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് ചിറ്റൂർ,​ ആലത്തൂർ,​ പാലക്കാട് താലൂക്കുകളിലാണ്. ആവശ്യത്തിന് ഫീൽഡ് സ്റ്റാഫുകളില്ലാത്തതിനാൽ ഇവിടങ്ങളിൽ നെല്ല് സംഭരണം മന്ദഗതിയിലാണ്. കൊയ്ത്തുകഴിഞ്ഞ് 10 ദിവസത്തിലേറെയായിട്ടും 100 ലോഡിലേറെ നെല്ല് പാടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണ്. നെന്മാറ, അയിലൂർ, വടക്കഞ്ചേരി,​ തരൂർ, ചിറ്റിലഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി മേഖലകളിലാണ് മഴ വില്ലനായിരിക്കുന്നത്. സംഭരണ കേന്ദ്രങ്ങളില്ലെന്നതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. ഈർപ്പമുള്ള നെല്ല് മുളയ്ക്കുമോ എന്ന ആശങ്കയിലാണ് ഭൂരിഭാഗം കർഷകരും.

മഴ തുടരുന്നതിനാൽ ഈർപ്പത്തിന്റെ അളവ് 20 - 25 ശതമാനം അധികമായി കാണുന്നുണ്ടെന്നാണ് പാഡി മാർക്കറ്റിംഗ് അധികൃതർ പറയുന്നത്. 17 ശതമാനം വരെ ഈർപ്പത്തിന്റെ അളവ് സ്വീകാര്യമാണ്. ഈർപ്പം അതിലും കൂടുതലുണ്ടെങ്കിൽ വീണ്ടും ഉണക്കി നൽകിയാലേ നെല്ല് സംഭരിക്കൂ എന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഈർപ്പം 17ശതമാനം ആണെങ്കിലും 10 കിലോയോളം അധികം നെല്ല് ആവശ്യപ്പെടുന്നതായാണ് കർഷകർ പറയുന്നത്. അതിലേറെ ഈർപ്പമുണ്ടെങ്കിൽ ഓരോ കിലോഗ്രാം വീതം അധികം കൊടുക്കണം. വൈകുന്നേരങ്ങളിലെ മഴ മൂലം നെൽച്ചെടികൾ വീഴുന്നു. നെല്ല് ഉണക്കാൻ വലിയ ചെലവും വരുന്നു. ഇതിനു പുറമേയാണ് കിഴിവെന്ന നഷ്ടവും. നെല്ല് കൂട്ടിയിരിക്കുന്ന സ്ഥലങ്ങളിൽ പാഡി മാർക്കറ്റിംഗ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ഈർപ്പം പരിശോധിക്കണമെന്നാണ് ആവശ്യം. സംഭരിച്ച നെല്ലിന്റെ പാഡി റസീറ്റ് ഷീറ്റ് ( പി.ആർ.എസ് )​ . ഈസ്റ്ററും തിരഞ്ഞെടുപ്പും കാരണം വൈകിയിട്ടുമുണ്ട്. പി.ആർ.എസ് ലഭിക്കാത്തത് കാരണം നെല്ലു നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും പണം അക്കൗണ്ടിൽ കിട്ടാത്ത ഒട്ടേറെ കർഷകരുണ്ട്.

കളപ്പുരകൾ എവിടെ?

കഴിഞ്ഞ രണ്ടാംവിള കാലത്ത് മില്ലുടമകൾ സംഭരണത്തിൽ നിന്ന് പിന്മാറിയപ്പോൾ സഹകരണ സംഘങ്ങൾ വഴി സംഭരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഇതിനായി സംഭരണ കേന്ദ്രങ്ങൾ അന്വേഷിക്കുകയും ചെയ്തു. പക്ഷേ, അതുഫലം കണ്ടില്ലെന്നതാണ് യാഥാർത്ഥ്യം. മില്ലുടമകളുമായുള്ള തർക്കം പരിഹരിക്കപ്പെട്ടതോടെ വൈകിയെങ്കിലും കഴിഞ്ഞ സീസണിൽ നെല്ല് സംഭരണം നടന്നു, അതോടെ ഗോഡൗൺ അന്വേഷണവും പാതിവഴിയിൽ നിലച്ചു. സംഭരണ കേന്ദ്രമെന്ന നീക്കം കാർഷിക മേഖലയിൽ തർക്കങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോൾ മാത്രം ഉയർന്നു വരികയും പെട്ടെന്ന് കെട്ടടങ്ങുകയും ചെയ്യുന്ന ആശയങ്ങളിൽ ഒന്നായി മാറി. അത്യാധുനിക സംവിധാനമുള്ള മില്ലുകൾ, ഗുണനിലവാര പരിശോധനാ കേന്ദ്രം, നെല്ലു സംഭരണ കേന്ദ്രം എന്നിവയെല്ലാം ഈ മേഖലയിൽ നടപ്പാക്കാതെ പോയ വാഗ്ദാനങ്ങളാണ്.

രണ്ടുമാസത്തിനകം അടുത്ത സീസൺ തുടങ്ങും

രണ്ടു മാസത്തിനകം ജില്ലയിൽ അടുത്ത സീസണിലെ ഒന്നാംവിളയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. വിഷു കഴിഞ്ഞതോടെ ഭൂമി പൂജയും മറ്റും നടത്തി നിലം ഉഴുതുമറിക്കുന്ന ജോലികളാണ് ആദ്യം നടക്കുക. പിന്നീട് മണ്ണിന്റെ ഫലഭൂയിഷ്ടതയ്‌ക്ക് വേണ്ടിയുള്ള വളപ്രയോഗമാണ്. ചാണകവും ചാരവും ഉൾപ്പെടെയുള്ള കൂട്ട് പാടത്ത് വിതറും. മൂന്നോ നാലോ വേനൽ മഴയ്ക്ക് ശേഷം വീണ്ടും ഉഴുതുമറിക്കും. പിന്നീടാണ് പൊടിവിത നടത്തുക. കൊയ്‌ത്ത് പൂർത്തിയായ ഇടങ്ങളിൽ കൃഷിപ്പണികൾ ആരംഭിച്ചുകഴിഞ്ഞു. ഈ സീസണിലെ നെല്ല് യഥാക്രമം സപ്ലൈകോ സംഭരിച്ചില്ലെങ്കിൽ പലരും അടുത്ത സീസണിൽ വിളവിറക്കില്ലെന്നാണ് വിവിധ പാടശേഖര സമിതികൾ വ്യക്തമാക്കുന്നത്.

തക്കംപാർത്ത് സ്വകാര്യ മില്ലുകാർ

സപ്ലൈകോ നെല്ല് സംഭരിച്ചില്ലെങ്കിൽ, നഷ്ടം സഹിച്ചും നെല്ല് സ്വകാര്യ മില്ലുകാർക്ക് വിൽക്കേണ്ട അവസ്ഥയിലാണ് ചെറുകിട - ഇടത്തരം കർഷകർ. മഴ നനഞ്ഞ് തൂക്കം കൂടിയാൽ സംഭരണത്തിന് എത്തുന്ന സ്വകാര്യ മില്ലുടമകൾ പിന്നെയും കൂടുതൽ കിഴിവ് ചോദിക്കും. കൂടാതെ നെല്ല് കിളിർത്ത് നശിക്കുകയും ചെയ്യും. കിലോയ്ക്ക് 13 രൂപ മുതൽ 17 രൂപവരെയാണ് സ്വകാര്യ മില്ലുകാർ കർഷകർക്ക് നൽകുന്നത്. ഇതുകൂടാതെ ഈർപ്പമുള്ള നെല്ലിന് കിഴിവും അവശ്യപ്പെടുന്നുണ്ട്. നൂറു കിലോയ്ക്ക് ആറ് കിലോ എന്ന നിലയിൽ കിഴിവ് വേണമെന്നാണ് മില്ലുകാരുടെ ആവശ്യം. ഇത് കർഷകർ അംഗീകരിക്കുന്നില്ല, മൂന്നു കിലോ നൽകാമെന്നാണ് അവരുടെ നിലപാട്. ഇപ്പോൾത്തന്നെ കടക്കെണിയിലായ കർഷകർക്ക് ഇത് താങ്ങാനാവില്ല. വായ്പയെടുത്തും പലിശയ്ക്ക് പണം വാങ്ങിയുമാണ് കർഷകർ കൃഷിയിറക്കിയിരിക്കുന്നത്. നെല്ല് സംഭരണം ഊർജിതമാക്കിയില്ലെങ്കിൽ കടക്കെണിയിലാകുന്ന കർഷകന് മുമ്പിൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ലെന്ന് പാടശേഖര സമിതി നേതാക്കൾ പറയുന്നു.