അനധികൃത വിദേശികൾക്ക് ഗ്രേസ് പീരിഡ് നീട്ടി നൽകാൻ കുവൈറ്റ്

Sunday 18 April 2021 5:11 AM IST

കുവൈറ്റ് സിറ്റി: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികൾക്കായുള്ള ഗ്രേസ് പിരീഡ് നീട്ടി നൽകി കുവൈറ്റ് ഭരണകൂടം. ഒരു മാസക്കാലത്തേക്കാണ് ഗ്രേസ് പിരീഡ് നീട്ടിയിരിക്കുന്നത്. താമസാനുമതിക്കായുള്ള പ്രവാസികളുടെ സമയപരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ആശ്വാസമായി പുതിയ തീരുമാനം. ആഭ്യന്തരമന്ത്രി തമർ അൽ അലിയാണ് ഗ്രേസ് പിരീഡ് മെയ് പകുതി വരെ നീട്ടണമെന്ന നിർദേശം നൽകിയതെന്നാണ് വിവരം. പുതിയ ഗ്രേസ് പിരീഡ് നീട്ടിയ കാലയളവിൽ അനധികൃത താമസക്കാർ പുനക്രമീകരണത്തിന് അപേക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇത് പാലിക്കാത്തവരെ നാടുകടത്തുക, തിരികെ പ്രവേശിക്കുന്നതിന് വിലക്ക് , പിഴ തുടങ്ങിയ ശിക്ഷാ നടപടികൾക്ക് വിധേയരാക്കും.

അനധികൃത താമസക്കാർക്ക് അവരുടെ നില നിയമവിധേയമാക്കാൻ കൂടുതൽ സമയം അനുവദിക്കാനും ഗ്രേസ് പിരീഡ് അവസാനിച്ചു കഴിഞ്ഞാൽ ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്ന അനുബന്ധ പിഴകൾ ഒഴിവാക്കാനുമാണ് തീരുമാനം. കുവൈറ്റിൽ അനധികൃതമായി താമസിക്കുന്നവരുടെ കൃത്യമായ വിവരം ഇതുവരെ നൽകിയിട്ടില്ല. കഴിഞ്ഞ വർഷം രാജ്യത്ത് ഒരു ലക്ഷത്തോളം വിസാ നിയമലംഘകരുണ്ടെന്ന് കണ്ടെത്തിയിരുന്നു.കൊവിഡിനെത്തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ആദ്യമായി ഗ്രേസ് പിരീഡ് ആരംഭിച്ചത്. ഇത് മെയ് മാസം അവസാനിക്കേണ്ടതായിരുന്നു.