മൻമോഹൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

Monday 19 April 2021 6:49 PM IST

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി ഡൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. രാജ്യത്തെ വർദ്ധിച്ചുവരുന്ന കൊവിഡ് സാഹചര്യം നേരിടാൻ അഞ്ചിന നിർദ്ദേശങ്ങൾ മൻമോഹൻ സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയിരുന്നു.

മുൻപ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാദവേക്കറിനും കോൺഗ്രസ് നേതാക്കളായ രൺദീപ് സുർഛേവാല, ദിഗ്‌വിജയ് സിംഗ് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് കൊവിഡ് അതീവ രൂക്ഷമായ അവസ്ഥയിലാണ്. ഓക്‌സിജൻ സിലിണ്ടറുകൾക്കും വാക്‌സിനും മെത്തകൾക്കും ദൗർലഭ്യം അനുഭവപ്പെടുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു. ഇന്നുമുതൽ ഒരാഴ്‌ചത്തേക്ക് ഡൽഹിയിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.