പാർട്ടി ഓർക്കുന്നുണ്ടോ സഖാവ് നളിനാക്ഷനെ
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 ജൂൺ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരത്ത് പേട്ടയിൽ മിനർവ ശിവാനന്ദനോടൊപ്പം ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ 'സി.പി.എമ്മിന്റെ മാത്രം' ചുവരെഴുത്തുകാരൻ ചാക്കയിലെ ആർട്ടിസ്റ്റ് നളിനാക്ഷനായിരുന്നു. ഇപ്പോൾ എൺപത്തിയഞ്ച് വയസ് പൂർത്തിയാക്കിയ അദ്ദേഹം ആയിരം പൂർണചന്ദ്രനെ കണ്ടു. രണ്ടായിരമാണ്ടോടുകൂടി ഡിജിറ്റൽ പ്രിന്റിംഗും ഫ്ളക്സുമെല്ലാം എത്തിയതോടെ നളിനാക്ഷൻ കെട്ടിട - ഫർണീച്ചർ പെയിന്റർ ആയി. നളിനാക്ഷൻ ജയിലിൽ ആയപ്പോൾ നാലും രണ്ടും വയസുള്ള രണ്ട് കുട്ടികളും ഭാര്യയും വാടകവീട്ടിൽ തനിച്ചായി. പേട്ടയിലെ പാർട്ടിയുടെ പൂർണ സംരക്ഷണയിലായിരുന്നു നളിനാക്ഷന്റെ കുടുംബം.
രണ്ടുമാസത്തെ ജയിൽവാസ കാലത്ത് ഇൗ ലേഖകനും തടവുകാരനായിരുന്നു. പാർട്ടി ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന ലേഖകന് റെയിൽവേയിലുണ്ടായിരുന്ന ജോലി നഷ്ടമായി. ഞങ്ങളോടൊപ്പം ജയിലിൽ കെ. അനിരുദ്ധനും കുന്നുകുഴി മനോഹരന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥി നേതാക്കളായ എം.എ. ബേബി, ജി. സുധാകരൻ, സുരേഷ് കുറുപ്പ്, ജെ. പ്രസാദ് തുടങ്ങിയ പതിനഞ്ചോളം വിദ്യാർത്ഥി നേതാക്കളും കൊടിയ മർദ്ദനത്തിനിരയായി ജയിലിലെത്തി. അപ്പോഴത്തെ മേയർ എം.പി. പത്മനാഭൻ ആഴ്ചയിൽ രണ്ടു തവണയെങ്കിലും ജയിലിൽ എത്തുമായിരുന്നു. അദ്ദേഹത്തിന്റെ സഹപാഠി കൂടിയായിരുന്ന ഭഗവതിപിള്ള ആയിരുന്നു ജയിൽ സൂപ്രണ്ട്. വാഴപ്പഴം, തേയില, പഞ്ചസാര, ബീഡി, സിഗരറ്റ് എന്നിവയൊക്കെ മേയർ എത്തിച്ചു തരുമായിരുന്നു.
തടവുപുള്ളികളാണ് ജയിലിലെ പാചകക്കാർ. ഉച്ചഭക്ഷണത്തിലെ സാമ്പാറിൽ കടുകു വറുത്ത ഒരു വറ്റൽ മുളകിനായി ബീഡിയോ സിഗരറ്റോ നൽകേണ്ടി വരുമായിരുന്നു. ആഴ്ചയിൽ രണ്ടുദിവസം ആട്ടിറച്ചിയും രണ്ട് ദിവസം മത്സ്യവും ലഭിക്കുമായിരുന്നു. അരിക്കാത്ത ഗോതമ്പുമാവിന്റെ ഉണ്ടയ്ക്ക് പകരം അരിച്ച മാവിന്റെ ദോശയോ റൊട്ടിയോ കിട്ടിത്തുടങ്ങി.
ഞങ്ങളോടൊപ്പം ജയിലിലുണ്ടായിരുന്ന തുടർന്ന് പ്രവാസിയായ എം.എസ്. മാനുവലിന്റെ സഹായത്താൽ 1990 ൽ, നളിനാക്ഷൻ ദുബായിലെത്തിയെങ്കിലും ചില മാസങ്ങൾക്കുശേഷം ഗതികെട്ട് നാട്ടിൽ തിരിച്ചെത്തി. പിന്നീട് പലപ്പോഴും രോഗാവസ്ഥയിലായി. 2010 ൽ ഹൃദയാഘാതത്തെത്തുടർന്ന് ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ഹൃദയ ശസ്ത്രക്രിയ നടത്തി. പാർട്ടിയിൽ നിന്ന് ചികിത്സാ സഹായ വാഗ്ദാനമല്ലാതെ യാതൊന്നും ലഭിച്ചിട്ടില്ല .
ജയിലിൽ കിടന്ന അനിരുദ്ധൻ, 1965 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ. ശങ്കറിനെതിരെ, മത്സരിക്കുമ്പോൾ അന്നത്തെ രണ്ടര വയസുകാരൻ സമ്പത്തിനെ പേട്ടയിലെ ഗണപതിയെന്ന ചുമട്ടുതൊഴിലാളിയുടെ തോളിലേറ്റി വോട്ടുപിടിച്ച കഥ നളിനാക്ഷൻ ഇന്നലത്തെപ്പോലെ പറയും.
പേരൂർക്കട ദിവാകരൻ വരച്ച, ജയിലിനുള്ളിലെ അനിരുദ്ധന്റെ ചിത്രവും അതിന്റെ അടിക്കുറിപ്പായി നളിനാക്ഷൻ എഴുതിയ വോട്ടഭ്യർത്ഥനയും ഓർക്കാതെ വയ്യ. ചാക്ക വയ്യാമൂലയിലെ അഞ്ച് സെന്റ് സ്ഥലത്തെ വീടാണ് സ്വന്തമായുള്ളത്. ആധാർ പോലുള്ള രേഖകൾ ഇല്ലാത്തതിനാൽ വാർദ്ധക്യകാല പെൻഷനുമില്ല. ഭാര്യയുടെ 1600 രൂപ പെൻഷൻ മാത്രമാണ് വരുമാനമായിട്ടുള്ളത്. ഇപ്പോഴത്തെ സഖാക്കൾക്ക് നളിനാക്ഷനെക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളൂ. ഇതൊക്കെയാണെങ്കിലും അഭിമാനിയായ ആ സഖാവ് ആരുടെ മുന്നിലും തലകുനിക്കുകയോ കൈനീട്ടുകയോ പോലുമില്ല. പഴയതലമുറയിലെ ഇത്തരക്കാരെ വല്ലപ്പോഴും ഓർക്കേണ്ടതല്ലേ!
(ലേഖകൻ അടിയന്തരാവസ്ഥക്കാലത്ത് സി.പി.എമ്മിന്റെ പേട്ട ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഫോൺ : 8547316888)