അജ്ഞത അപകടം പി.ജയരാജനോട് വി.മുരളീധരൻ
തിരുവനന്തപുരം: സി.പി.എം നേതാവ് പി.ജയരാജന് മറുപടിയുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ. താങ്കളെപ്പോലുള്ള മുതിർന്ന നേതാക്കളുടെ അജ്ഞത അപകടം മാത്രമല്ല, അപമാനവും കൂടിയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഞാൻ മുമ്പ് ഇ.കെ.നായനാരെ ഉപരോധിച്ചെന്നും നായനാർ എന്നെ വിരട്ടിയോടിച്ചെന്നും താങ്കൾ എഴുതിക്കണ്ടു.1980 നവംബർ 12ന് എ.ബി.വി.പി പ്രവർത്തകർ ഡൽഹിയിൽ നായനാരെ ഘെരാവോ ചെയ്തത് വസ്തുതയാണ്. അതിൽ ഞാനുണ്ടായിരുന്നില്ല,മറിച്ച് കള്ളക്കേസിൽക്കുടുക്കി ജയിലിൽ അടച്ച എന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേരളമുഖ്യമന്ത്രിയെ എ.ബി.വി.പി പ്രവർത്തകർ ഘരാവോ ചെയ്തത്.മുഖ്യമന്ത്രിയായ തനിക്ക് വേണ്ട സംരക്ഷണം നൽകാൻ കഴിയാത്തതിൽ നായനാർ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് പരാതിപ്പെടുകയും ചെയ്തു. ഇൗ സംഭവം ഇടതുസഹയാത്രികനായ ചെറിയാൻ ഫിലിപ്പിന്റെ 'കാൽ നൂറ്റാണ്ട് ' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. കെ.കുഞ്ഞിക്കണ്ണൻ എഴുതിയ കെ.ജി മാരാരുടെ ജീവചരിത്രത്തിലും പറയുന്നുണ്ട്.
പിണറായി വിജയനെ ഇനിയും വിമർശിക്കുമെന്ന പരാമർശവും കുറിപ്പിലുണ്ട്.