ജി. സുധാകരനെ പിന്തുണച്ച് സി.പി.എം ജില്ലാ നേതൃത്വം
ആലപ്പുഴ: മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ മന്ത്രി ജി. സുധാകരനെ പിന്തുണച്ച് സി.പി.എം ജില്ലാ നേതൃത്വം. തെറ്റായ ആരോപണം ഉന്നയിച്ചാണ് യുവതി പരാതി നൽകിയത്. ഇക്കാര്യം കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തെന്നും ജില്ലാ സെക്രട്ടറി ആർ. നാസർ പത്രക്കുറിപ്പിൽ അറിയിച്ചു.
യുവതിയുടെ ഭർത്താവ് പുറക്കാട് ലോക്കൽ കമ്മിറ്റി അംഗമാണ്. പരാതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം ചേർന്നിരുന്നു. യോഗത്തിൽ അംഗങ്ങൾ ജി. സുധാകരനെ വിമർശിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. മന്ത്രിക്കെതിരെ കമ്മിറ്റിയിൽ ഒരഭിപ്രായവുമുണ്ടായില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ സുധാകരൻ നടത്തിയിട്ടില്ല.
അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും ചർച്ച ചെയ്‌തില്ല. അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജി. സുധാകരൻ നേതൃത്വം നൽകിയിട്ടുണ്ട്. എച്ച്. സലാമിന്റെ പ്രചാരണത്തിൽ മിക്ക ദിവസവും ഒപ്പം സഞ്ചരിച്ചായിരുന്നു സുധാകരന്റെ പ്രവർത്തനം. മന്ത്രിക്കെതിരായ പരാതി ഉടൻ പിൻവലിക്കണമെന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടെന്നും ആർ. നാസർ വ്യക്തമാക്കി.