ഇന്ത്യ ബ്രിട്ടന്റെ 'റെഡ് ലിസ്റ്റിൽ'; വിമാനങ്ങൾക്ക് വിലക്ക്, നിലപാട് കടുപ്പിച്ച് അമേരിക്കയും

Wednesday 21 April 2021 2:31 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും തിരിച്ചുമുളള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇന്ത്യയെ യാത്രാവിലക്കുളള രാജ്യങ്ങളുടെ പട്ടികയായ റെഡ്‌ ലിസ്‌റ്റിൽ ബ്രിട്ടൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ മാസം 24 മുതൽ 30 വരെയാണ് ഇന്ത്യയിൽ നിന്നും തിരിച്ചുമുളള വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയത്. ഇക്കാര്യം എയർ ഇന്ത്യ സ്ഥിരീകരിച്ചു. ബ്രിട്ടൻ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഈ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന വിമാനസർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. റീഫണ്ട് ഉൾപ്പടെയുളള കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

കഴിഞ്ഞദിവസം, കൊവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഇന്ത്യയിലേക്കുളള യാത്ര ഒഴിവാക്കാൻ അമേരിക്ക നിർദേശം നൽകിയിരുന്നു. കൊവിഡ് പ്രതിരോധത്തിനുളള വാക്‌സിൻ പൂർണമായി സ്വീകരിച്ചാൽ കൂടിയും ഇന്ത്യയിലേക്കുളള യാത്ര ഒഴിവാക്കാനാണ് പൗരന്മാരോട് അമേരിക്കയിലെ പബ്ലിക് ഹെൽത്ത് ഏജൻസി മുന്നറിയിപ്പ് നൽകിയത്.