ആശ്വാസ വാര്‍ത്ത; കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിനെയും നിര്‍വീര്യമാക്കുമെന്ന് ഐ സി എം ആര്‍

Wednesday 21 April 2021 3:11 PM IST

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഒരു ആശ്വാസ വാര്‍ത്ത. ഭാരത് ബയോടെക് നിര്‍മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസിനെ ഫലപ്രദമായി നിര്‍വീര്യമാക്കുമെന്ന് ഐ.സി.എം.ആര്‍. അറിയിച്ചു. കൊവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്ക കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ഐ.സി.എം.ആര്‍. എപ്പിഡെമോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് ഡിവിഷന്‍ ചീഫ് ഡോ. സമിരന്‍ പാണ്ഡെ അറിയിച്ചു. ഇരട്ട വ്യതിയാനം വന്ന വൈറസിനെക്കൂടാതെ മറ്റ് വ്യതിയാനങ്ങളെയും നിര്‍വീര്യമാക്കാന്‍ കൊവാക്‌സിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ പതിനാലായിരത്തിലധികം പേരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തിയിരുന്നു. ഇതില്‍ 1189 പേര്‍ക്കാണ് ആശങ്ക നല്‍കുന്ന വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്നാണ് ഇന്ത്യന്‍ ജീനോമിക് കണ്‍സോര്‍ഷ്യം അറിയിക്കുന്നത്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ക്കു പുറമേ ഇരട്ട മാറ്റം വന്ന വകഭേദവും ഇന്ത്യയില്‍ പലയിടത്തും കണ്ടെത്തിയിരുന്നു. ഇതു കൂടുതല്‍ അപകടം ചെയ്യുമെന്ന വാർത്തകൾക്കിടെയാണ് ഐസിഎംആറിന്റെ നിര്‍ണായക പഠനം. പുതിയ വൈറസ് വകഭേദങ്ങളെ പുനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കള്‍ചര്‍ ചെയ്തു പഠനം നടത്തിയത് വാക്‌സീന്‍ ഗവേഷണ രംഗത്ത് നിര്‍ണായകമായിരുന്നു. ഇതിന്റെ തുടര്‍പഠനങ്ങളിലാണ് പ്രതീക്ഷ നല്‍കുന്ന വിവരം.