സനുവിന്റെ കെണിയിൽപെട്ടവരിൽ തിരുവനന്തപുരത്തെ പ്രമുഖരായ സ്ത്രീകളും, സൂംബാ ഡാൻസിൽ തുടങ്ങി വൈഫ് എക്‌സ്ചേഞ്ചിലേക്കെത്തുന്ന ഇയാളുടെ രീതിയിൽ അമ്പരന്ന് പൊലീസ്

Thursday 22 April 2021 10:42 AM IST

തിരുവനന്തപുരം: സൂംബാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങൾ പകർത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. മരുതംകുഴി കൂട്ടാംവിള സ്വദേശിയും കൃഷിവകുപ്പിലെ ക്ലാർക്കുമായ സനു .ആർ.എസ് (30)നെയാണ് സൈബർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്. സനുവിന്റെ വീട്ടിൽനിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക്കുകളും പിടിച്ചെടുത്തു.

പ്രതി വഞ്ചിച്ച യുവതികളിൽ ഒരാളാണ് പരാതി നൽകിയത്

നിരവധി പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഇയാൾ പകർത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പാർട്ട്‌ടൈമായാണ് സനു സൂംബാ നൃത്തപരിശീലനം നടത്തിയിരുന്നത്. തിരുവനന്തപുരത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി സ്ത്രീകൾ ഇയാളുടെ കെണിയിൽപെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

പരിശീലനത്തിന് എത്തുന്ന യുവതികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തും. വലയിലാക്കിയശേഷം വൈഫ് എക്സ്‌ചേഞ്ച് എന്ന പേരിൽ യുവതികളെ സുഹൃത്തുക്കൾക്ക് കൈമാറുന്ന രീതിയും സനുവിനുണ്ടെന്ന് പൊലീസ് പറയുന്നു. ഒരു യുവതിയുമായി ഒരുമിച്ചു താമസിക്കുന്ന ഇയാളുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌താലേ ഡിജിറ്റൽ തെളിവുകളടക്കമുള്ളവ ശേഖരിക്കാനും പരിശോധിക്കാനും സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി.