ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു, പെണ്‍കുട്ടി ചാടി മരിച്ചു, ഒപ്പം ഒരു അജ്ഞാത മൃതദേഹവും; ആത്മഹത്യാ മുനമ്പായി കൊച്ചിയിലെ ഗോശ്രീപാലം

Thursday 22 April 2021 3:19 PM IST

കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇന്ന് കൊച്ചിയിലെ ഗോശ്രീപാലത്തില്‍ നടന്നത് രണ്ടു മരണങ്ങളാണ്. ഇതു കൂടാതെ പാലത്തിന് സമീപം ഒരു അജ്ഞാത മൃതദേഹവും പൊലീസ് കണ്ടെത്തി. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ പാലത്തിനു മുകളില്‍ തൂങ്ങി മരിച്ചു. പിന്നാലെ പത്തു മണിയോടെ 26 കാരിയായ പെണ്‍കുട്ടി പാലത്തില്‍ നിന്ന് ചാടി മരിച്ചു.

മുളവുകാട് സ്വദേശി വിജയനാണ് പാലത്തില്‍ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയവരാണ് യുവാവ് തൂങ്ങി നില്‍ക്കുന്നത് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിജയന് പനി ഉള്‍പ്പടെ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് പിന്നാലെ വിജയന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

വിജയന്റെ മൃതദേഹം കയറില്‍ നിന്ന് മാറ്റി മുകളിലേക്ക് കയറ്റുന്നതിനിടെയാണ് ഒരു പെണ്‍കുട്ടി പാലത്തിന്റെ ഒരു വശത്തേക്ക് കരഞ്ഞുകൊണ്ട് ഓടി പോകുന്നത് പൊലീസ് കണ്ടത്. പൊടുന്നനെ പെണ്‍കുട്ടി കായലിലേക്ക് എടുത്തു ചാടി. കൂടെ ചാടിയ വ്യക്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു. പള്ളിപ്പുറം സ്വദേശിനിയായ 26കാരി ബ്രയോണ മരിയോ ആണ് മരിച്ചത്.

രാവിലെ ഗോശ്രീ പാലത്തിനടുത്ത് ഡി.പി.വേള്‍ഡിനോട് ചേര്‍ന്നാണ് അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.