ഇന്തോനേഷ്യൻ അന്തർവാഹിനിയുടെ തിരോധാനം: തെരച്ചിലിൽ പങ്കുചേർന്ന് ഇന്ത്യൻ നാവികസേന

Friday 23 April 2021 12:00 AM IST

ജക്കാർത്ത: 53 നാവികരുമായി കടലിൽ മറഞ്ഞ ഇന്തോനേഷ്യൻ അന്തർഹാനിയായ കെ.ആർ.ഐ നംഗാല 402ന്റെ തെരച്ചിലിൽ പങ്കുചേർന്ന് ഇന്ത്യൻ നാവികസേന. നേവിയുടെ ഡി.എസ്.വി.ആർ കപ്പലാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുന്നത്.കഴിഞ്ഞ ദിവസമാണ് 44 വർഷം പഴക്കമുള്ള അന്തർവാഹിനി ​ബാലിയിൽ നിന്ന്​ 95 കിലോമീറ്റർ അകലെ ആഴക്കടലിൽ വച്ച് അപ്രത്യക്ഷമായത്. ഹൈഡ്രോളിക്​ സർവേ ഉൾപ്പെടെ നിരവധി കപ്പലുകൾ സ്ഥലത്ത് പരിശോധന തുടരുകയാണ്​. ഇന്തോനേഷ്യയുടെ അയൽ രാജ്യങ്ങളായ സിംഗപ്പൂരും ആസ്​ട്രേലിയയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡൈവിംഗിനിടെ നിയന്ത്രണം നഷ്​ടപ്പെട്ട്​ താഴോട്ടുപതിച്ചതാകാമെന്നാണ്​ കരുതുന്നത്​. വീണ്ടും പൊങ്ങിവരാൻ സഹായിക്കേണ്ട അടിയന്തര നടപടികൾ പരാജയപ്പെട്ടിരിക്കാം. മുങ്ങിയ ഭാഗത്ത്​ 600- 700 മീറ്റർ താഴ്ചയാണ്​ പ്രതീക്ഷിക്കുന്നത്​.

അന്തർവാഹിനിക്ക്​ ജലോപരിതലത്തിൽനിന്ന്​ പരമാവധി 250 മീറ്റർ താഴ്ചയിൽ സഞ്ചരിക്കാൻ മാത്രമേ ശേഷിയുള്ളൂവെന്ന്​ വിദഗ്ദ്ധർ പറയുന്നു. 700 മീറ്റർ താഴ്ചയിലെത്തിയാൽ ഇത് പൊട്ടിപ്പിളർന്നേക്കാം. ഹെലികോപ്​ടർ പരിശോധനയിൽ കപ്പൽ കാണാതായ പ്രദേശത്ത് എണ്ണച്ചോർച്ചയും കണ്ടെത്തി.