ശ്വാസം മുട്ടി മരിച്ച രോഗികൾ
മഹാരാഷ്ട്രയിൽ നാസിക്കിലെ സർക്കാർ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന 22 കൊവിഡ് രോഗികൾ ഓക്സിജൻ ടാങ്കിലെ ചോർച്ച കാരണം ശ്വാസംമുട്ടി മരിക്കേണ്ടിവന്നത് ദാരുണമായ സംഭവമാണ്. ഗുരുതരാവസ്ഥയിലായ 31 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതിനാൽ അവർ മരണത്തിന്റെ പിടിയിൽ അകപ്പെട്ടില്ല. ഡോ. സക്കീർ ഹുസൈന്റെ പേരിലുള്ള ആശുപത്രിയിലാണ് രാജ്യത്തെ നടുക്കിയ ഇൗ ദുരന്തമുണ്ടായത് ആശുപത്രിയിലേക്ക് ആവശ്യമുള്ള ഒാക്സിജൻ ടാങ്കറിൽ നിന്ന് ടാങ്കിലേക്ക് നിറയ്ക്കുന്നതിനിടയിലാണ് ചോർച്ച ഉണ്ടായത്. ഇതുകാരണം വെന്റിലേറ്ററിലേക്കുള്ള ഓക്സിജൻ പ്രവാഹം അരമണിക്കൂർ നിലച്ചതാണ് അപകടത്തിനിടയാക്കിയത്.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഭീതിദമായ തോതിൽ വർദ്ധിച്ച് വരുന്നതിനിടെ ഉണ്ടായ ഇൗ സംഭവം പരക്കെ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58, 924 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ അഞ്ച് ലക്ഷത്തോളം പേർക്കും. 351 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ആശുപത്രിയിൽ പൊതുവേ കാണുന്ന ദുരവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നതാണ് നാസിക്കിലെ അപകടം. സാങ്കേതിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ശ്രദ്ധ തുടർന്ന് അത് പരിപാലിക്കുന്നതിൽ ഉണ്ടാകാറില്ല. വെന്റിലേറ്ററിൽ ഒാക്സിജന്റെ അളവ് ക്രമീകരിക്കാനുള്ള സംവിധാനങ്ങളുണ്ട്. എല്ലാ രോഗികൾക്കും ഒരേ അളവിൽ അല്ല ഓക്സിജൻ ആവശ്യം. സാങ്കേതിക ഉപകരണങ്ങൾ കേടാവുമ്പോൾ മാത്രമാണ് പല സർക്കാർ ആശുപത്രികളിലും കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധർ അത് നന്നാക്കാനെത്തുന്നത്. പല സർക്കാർ ആശുപത്രികളിലും ജീവനക്കാർക്ക് ഇത് കൈകാര്യം ചെയ്യാനുള്ള പരിജ്ഞാനത്തിന്റെയും പരിശീലനത്തിന്റെയും കുറവ് നിലനിൽക്കുന്നു.
കേരളത്തിലെ ഏറ്റവും പ്രമുഖമായ ഒരു മെഡിക്കൽ കോളേജിൽ പോലും എല്ലാ രോഗികൾക്കും ഒരേ അളവിൽ ഓക്സിജൻ നൽകിയതായുള്ള പരാതികൾ ചിലർ സോഷ്യൽ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓക്സിജൻ നിലയ്ക്കുന്നത് മാത്രമല്ല മരണത്തിനിടയാക്കുന്നത്. ഓക്സിജൻ അമിത അളവിൽ പ്രവഹിക്കുന്നതും മരണഹേതുവാകാം. എന്നാൽ ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾക്ക് വലിയ ശ്രദ്ധ കിട്ടാറില്ല. ദുരന്തങ്ങൾ സംഭവിക്കുമ്പോഴാണ് ഉന്നതരുടെ ശ്രദ്ധ ഇക്കാര്യങ്ങളിൽ പതിയുന്നത്. തുടർന്ന് അന്വേഷണവും നടപടികളും റിപ്പോർട്ട് സമർപ്പിക്കലുമെല്ലാം പതിവുപോലെ നടക്കും. സർക്കാർ ആശുപത്രിയിൽ ജീവൻ നഷ്ടപ്പെടുന്നവരിൽ അധികവും ദരിദ്രരും സാധാരണക്കാരും ആകുമെന്നതിനാൽ ഇതുമായി ബന്ധപ്പെട്ട ഒച്ചപ്പാടുകൾ അധികം വൈകാതെ കെട്ടടങ്ങാറാണ് പതിവ്. രാഷ്ട്രീയമായി പോലും ചേരിതിരിഞ്ഞ് ഇത്തരം സന്ദർഭങ്ങൾ പലരും ഉപയോഗിക്കാറുള്ളതും സാധാരണ കണ്ടുവരുന്നതാണ്.
നാസിക്കിലും മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഏതൊരു നഷ്ടപരിഹാരവും ഒരു ജീവന് പകരമാവില്ല. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പുലർത്തുന്നതിനൊപ്പം 24 മണിക്കൂറും സാങ്കേതിക ഉപകരണങ്ങൾ നിരീക്ഷിക്കാൻ സാങ്കേതിക വിദഗ്ദ്ധരുടെ സ്ഥിരം സംഘത്തെ നിയോഗിക്കുകയുമാണ് വേണ്ടത്. രോഗികളുടെ എണ്ണം ഇനിയും കൂടി വരാനാണ് സാദ്ധ്യത. ഇത് മുൻകൂട്ടി കണ്ട് ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ദ്ധരുടെ തസ്തികകൾ ഒഴിഞ്ഞുകിടപ്പുണ്ടെങ്കിൽ താത്കാലികക്കാരെയെങ്കിലും നിയമിച്ച് അത് പരിഹരിക്കാനുള്ള സത്വര നടപടികളാണ് സർക്കാർ ആശുപത്രികളുടെ മേലധികാരികളിൽനിന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ഉണ്ടാകേണ്ടത്.
നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ചോരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിനാൽ ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥകൾ പഴയ കാലത്തേതുപോലെ മൂടിവയ്ക്കാൻ കഴിയില്ല എന്ന വസ്തുതയും അധികൃതർ ഓർമ്മിക്കേണ്ടതാണ്.