കൊവിഡിൽ നയം കാണട്ടെ: കേന്ദ്രത്തിനെതിരെ കേസെടുത്ത് സുപ്രീം കോടതി

Thursday 22 April 2021 11:14 PM IST

ഓക്സിജൻ, വാക്സിനേഷൻ, മരുന്ന് ക്ഷാമം: കേന്ദ്രത്തിന് നോട്ടീസ്

ചീഫ് ജസ്റ്റിസ് അവസാന ദിനമായ ഇന്ന് കേസ് പരിഗണിക്കും

ന്യൂഡൽഹി: രാജ്യം ഇന്നലെ മാത്രം മൂന്നു ലക്ഷത്തിലധികം കൊവിഡ് ബാധിതരുമായി ലോകത്തെ ഏറ്റവും മാരകമായ രോഗവ്യാപനം രേഖപ്പെടുത്തിയതിനു പിന്നാലെ, രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി നാല് അടിയന്തര വിഷയങ്ങളിൽ ദേശീയ നയം അറിയിക്കാൻ നോട്ടീസ് നൽകി.

രാജ്യത്തെ ഓക്സിജൻ ക്ഷാമം, വാക്സിനേഷൻ നടപടികൾ, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം എന്നീ വിഷയങ്ങളിലാണ് ചീഫ് ജസിറ്റിസ് എസ്. എ ബോബ്‌ഡെയുടെ മൂന്നംഗ ബെഞ്ച് കേസെടുത്തത്. ഈ വിഷയങ്ങളിൽ ആറ് ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീംകോടതി ഏറ്റെടുക്കും. ജസ്റ്റിസ്‌മാരായ എൽ. നാഗേശ്വര റാവു,​ രവീന്ദ്ര ഭട്ട് എന്നിവരും ഉൾപ്പെട്ട ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. സുപ്രീംകോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവയെ അമിക്കസ് ക്യൂറിയായും നിയമിച്ചു. സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെയുടെ അവസാന ദിനത്തിലാണ് കൊവിഡ് കേസുകൾ പരിഗണിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ആശിപത്രികളിലെ ഓക്സിജൻ ക്ഷാമം,​​ കിടക്കകളുടെ കുറവ്, ആന്റിവൈറൽ മരുന്നായ റെംഡെസിവിറിന്റെ വിതരണത്തിലെ വീഴ്ച തുടങ്ങിയവയിൽ ഹൈക്കോടതികൾ കേന്ദ്ര സർക്കാരിനെതിരെ വാളോങ്ങുമ്പോഴാണ് സുപ്രീകോടതിയുടെ ഇടപെടൽ. ഹൈക്കോടതികളെ സമീപിച്ച സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഇക്കാര്യങ്ങളിൽ സുപ്രീം കോടതിയുടെ ഏകീകൃത ഉത്തരവ് വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

തമിഴ്നാട്ടിലെ വേദാന്ത ഒാക്സിജൻ പ്ളാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട കേസിനിടെയാണ് കോടതിയുടെ അസാധാരണ നടപടി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയിലുണ്ടായിരുന്ന ഹരീഷ് സാൽവെയോട് അമിക്കസ് ക്യൂറിയാകാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയായിരുന്നു. ഈ വിഷയങ്ങളിൽ ഹൈക്കോടതികളിൽ കേസുകളുണ്ടെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത്ത ചൂണ്ടിക്കാട്ടിയപ്പോഴാണ് അവ ഏറ്റെടുക്കുന്നതായി ചീഫ് ജസ്റ്റിസ് അറിയിച്ചത്.

ഡൽഹി, ബോംബെ, സിക്കിം, മദ്ധ്യപ്രദേശ്, കൊൽക്കത്ത, അലഹബാദ് ഹൈക്കോടതികളിലാണ് കേസുകളുള്ളത്. ഹൈക്കോടതികൾ ഈ വിഷയങ്ങൾ നന്നായി പരിഗണിക്കുന്നതിനെ അഭിനന്ദിക്കുന്നു. ഹൈക്കോടതികളുടെ ഉത്തരവുകൾ മറികടക്കാനും ആഗ്രഹിക്കുന്നില്ല. എന്നാൽ പല കോടതികളായതിനാൽ ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കുന്നു. സുപ്രീംകോടതി നേരിട്ട് ഇടപെടുന്നതാവും നല്ലതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഹൈക്കോടതികളുടെ ഇടപെടൽ

  • ബുധനാഴ്‌ച രാത്രി അടിയന്തര വാദം കേട്ട ഡൽഹി ഹൈക്കോടതി,​ ഡൽഹി ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം തീർക്കാൻ കേന്ദ്രസർക്കാരിനോട് ഉത്തരവിട്ടിരുന്നു
  • ബുധനാഴ്ച നാഗ്പൂർ ഹൈക്കോടതി, മഹാരാഷ്‌‌ട്രയുടെ ഓക്സിജൻ വിതരണം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കാൻ ഉത്തരവിട്ടിരുന്നു

സുപ്രീംകോടതി നിർദ്ദേശങ്ങൾ

  • സംസ്ഥാനങ്ങളുമായി ആലോചിച്ച് നാല് വിഭവങ്ങളുടെ വിതരണം ഏകോപിപ്പിക്കാൻ സമിതി രൂപീകരണം
  • ഈ വിഭവങ്ങൾ ഉൾപ്പെടെ അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും അവശ്യ വസ്തുക്കളായി പ്രഖ്യാപിക്കുക
  • ഈ അവശ്യ വസ്തുക്കൾ സംസ്ഥാനങ്ങളിൽ എത്തിക്കാനും വിതരണം ചെയ്യാനുമുള്ള സൗകര്യങ്ങൾ ഉറപ്പാക്കുക