സ്വകാര്യതാ നയം: ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും ഹർജി തള്ളി
ന്യൂഡൽഹി: പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ട കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ നടപടി ചോദ്യം ചെയ്ത് ഫേസ്ബുക്കും വാട്സാപ്പും നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇതേ വിഷയത്തിൽ സുപ്രീംകോടതിയിൽ കേസുണ്ടെന്ന സമൂഹമാദ്ധ്യമ കമ്പനികളുടെ വാദത്തിൽ കഴമ്പില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
സുപ്രീംകോടതിയിലെ കേസിൽ വ്യക്തികളുടെ സ്വകാര്യതയാണ് പരിഗണിക്കുന്നതെന്നും അത് തങ്ങളുടെ അന്വേഷണ പരിധിയിൽ വരില്ലെന്നും കമ്മിഷൻ ബോധിപ്പിച്ചിരുന്നു. ഫേസ്ബുക്കും വാട്സാപ്പും തങ്ങൾ ശേഖരിക്കുന്ന ഉപയോക്താക്കളുടെ വിവരങ്ങൾ കൂടുതൽ പേരിലേക്ക് പരസ്യങ്ങൾ എത്തിക്കാൻ ഉപയോഗിക്കുമെന്നും അത് വിപണിയിൽ അവർക്ക് മേൽക്കൈ ലഭിക്കാനിടയാക്കുന്നതുമാണ് അന്വേഷിക്കുകയെന്നും കോമ്പറ്റീഷൻ കമ്മിഷൻ വ്യക്തമാക്കിയിരുന്നു. സ്വകാര്യതാ നയം അംഗീകരിക്കുന്ന ആളിന് പിന്നീട് അത് വേണ്ടെന്ന് വയ്‌ക്കാൻ അവസരം നൽകുന്നില്ലെന്ന വാദവും കോടതി അംഗീകരിച്ചു.
ഉപയോക്താക്കൾക്ക് ബിസിനസ് സേവനങ്ങൾ സംബന്ധിച്ച കൂടുതൽ സുതാര്യമായ വിവരങ്ങൾ നൽകുകയാണ് പുതിയ സ്വകാര്യ നയം ലക്ഷ്യമിടുന്നതെന്ന് വാട്സാപ്പ് കോടതിയെ അറിയിച്ചിരുന്നു.