പശ്ചിമ ബംഗാൾ: 79ശതമാനം പോളിംഗ്, പരക്കെ അക്രമം

Friday 23 April 2021 12:40 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ 43 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന ആറാം ഘട്ടത്തിൽ 79 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ പലയിടത്തും ബി.ജെ.പി - തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

നോർത്ത് 24 പർഗനാസ് ജില്ലയിലെ തിതാഗർ അസംബ്ളി മണ്ഡലത്തിൽ നടന്ന ബോംബാക്രമണത്തിൽ കുട്ടിയടക്കം ആറുപേർക്ക് പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ ചിലർ എറിഞ്ഞ നാടൻ ബോംബുകൾ പൊട്ടിയാണ് അപകടമുണ്ടായത്. ഉത്തർദിനാജ് പൂർ, ബരാക്പൂർ എന്നിവിടങ്ങളിലും അക്രമങ്ങൾ റിപ്പോട്ട് ചെയ്തു. ഖാർദയിലെ ലിച്ചുബഗാനിൽ ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയതായി റിപ്പോർട്ടുണ്ട്. ലാഭ്പൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി ബിസ്വജിത് മൊണ്ടലിന്റെ കാർ ആക്രമികൾ തകർത്തതായി പരാതിയുയർന്നു. ഖാർദാ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥി കാജൽ സിംഗിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.

 മോദി പങ്കെടുക്കില്ല

ഡൽഹിയിൽ കൊവിഡ് ഉന്നതതല യോഗത്തിൽ സംബന്ധിക്കേണ്ടതിനാൽ ഇന്ന് പശ്ചിമ ബംഗാളിൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ മാൽഡ, ബിർഭൂം, കൽക്കത്ത, മുർഷിദാബാദ് എന്നിവിടങ്ങളിലെ റാലികളിൽ

മോദി വീഡിയോ കോൺഫറൻസ് വഴി പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് പറഞ്ഞു.