ദൃശ്യം 2-നെ ആമസോൺ വാങ്ങിയത് എത്ര രൂപയ്ക്ക്? പ്രേക്ഷകർ കാത്തിരുന്ന കണക്കുകൾ പുറത്ത്

Friday 23 April 2021 3:55 PM IST

സിനിമാ പ്രേമികൾ ഒന്നടങ്കം അക്ഷമരായി കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 2. വരുൺ വധക്കേസിൽ ജോർജുകുട്ടി പിടിക്കപ്പെടുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിനിമ റിലീസ് ചെയ്തത്.

സിനിമ റിലീസ് ചെയ്തതിന് പിന്നാലെ എത്ര തുകയ്ക്കാണ് ആമസോൺ ദൃശ്യം 2 വാങ്ങിയതെന്ന് പ്രേക്ഷകർ അണിയറപ്രവർത്തകരോട് ചോദിച്ചിരുന്നു. എന്നാൽ അണിയറപ്രവർത്തകർ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. റെക്കോർഡ് തുകയ്ക്കാണ് ആമസോൺ സിനിമ വാങ്ങിയതെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ 30 കോടിക്കാണ് ആമസോൺ പ്രൈം ദൃശ്യം 2 വാങ്ങിയതെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് ലെറ്റ്‌സ് ഒടിടി ഗ്ലോബൽ എന്ന ട്വിറ്റർ പേജ്. ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും, സർവേകൾ നടത്തുകയും ചെയ്യുന്നവരാണ് ലെറ്റ്‌സ് ഒടിടി ഗ്ലോബൽ.