വീണ്ടും മാരി സെൽവരാജിന്റെ ചിത്രത്തിൽ ധനുഷ്
കർണൻ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം സംവിധായകൻ മാരി സെൽവരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ പ്രീ - പ്രൊഡക്‌ഷൻ നടക്കുകയാണെന്നും അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നും ധനുഷ് ട്വീറ്റ് ചെയ്തു.ജാതി രാഷ്ട്രീയവും ദളിത് രാഷ്ട്രീയവും അതിശക്തമായി പറഞ്ഞ സിനിമകളായിരുന്നു മാരിസെൽവരാജ് ഒരുക്കിയ പരിയേറും പെരുമാളും കർണനും. കതിർ, ആനന്ദി, യോഗിബാബു എന്നിവയായിരുന്നു. പാ. രഞ്ജിത്ത് നിർമ്മിച്ച പരിയേറും പെരുമാളിലെ താരങ്ങൾ പരിയേറും പെരുമാൾ എന്ന ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ മാരി സെൽവരാജ് സംവിധാനം ചെയ്ത രണ്ടാമത് സിനിമയാണ് കർണൻ.
ധനുഷിനൊപ്പം യോഗിബാബു, രജിഷ വിജയൻ, ലാൽ എന്നിവരാണ് കർണനിലെ മറ്റു താരങ്ങൾ. തന്റെ കരിയറിലെ ഏറെ പ്രിയപ്പെട്ട ചിത്രമാണ് കർണനെന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും ധനുഷ് പറയുന്നു. തേനി ഈശ്വർ ഛായാഗ്രഹണവും സന്തോഷ് നാരായണൻ സംഗീതസംവിധാനവും നിർവഹിച്ചു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ ത്രില്ലർ ജഗമേ തന്തിരം, ആനന്ദ് എൽ റായി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം അത്രംഗിരേ, ഹോളിവുഡ് ചിത്രം ദ ഗ്രേമാൻ എന്നിവയാണ് ധനുഷ് പൂർത്തിയാക്കിയ ചിത്രങ്ങൾ. കാർത്തിക് നരേൻ, ശെൽവരാഘവൻ എന്നിവരുടെ ചിത്രങ്ങളിലാണ് ഇനി ധനുഷ് അഭിനയിക്കുക.