പ്ലാസ്റ്റിക് മാലിന്യം കൊണ്ട് വസ്ത്രം നിർമ്മിച്ച് കൗമാരക്കാരികൾ

Saturday 24 April 2021 2:39 AM IST

അബുജ: നൈജീരിയയിലെ ലാഗോസിൽ നടന്ന ട്രഷന്‍ ഫാഷൻ ഷോയിൽ അണിനിരന്ന മോഡലുകളുടെ വസ്ത്രങ്ങളുടെ ഭംഗി കണ്ട് ഒരു വേള കാണികൾ നിശബ്ദരായി ഇരുന്നു. അവരണിഞ്ഞ വസ്ത്രങ്ങൾ നിർമ്മിച്ചതാകട്ടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ്. ഫാഷൻ ഷോയിൽ മോഡലുകളായി എത്തിയ കൗമാരിക്കാരികൾ തന്നെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് അത്ഭുതം സൃഷ്ടിക്കുന്നത്.

സാംഗോറ്റേഡോ ജില്ലയെ വെള്ളക്കെട്ടില്‍ നിന്ന് സംരക്ഷിക്കുന്ന തടയിണയിലെ നീരൊഴുക്ക് ഉറപ്പാക്കാനും ഒപ്പം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാനുമാണ് ഈ പെൺകുട്ടികൾ പരിശ്രമിക്കുന്നത്. നമ്മൾ ഇപ്പോഴേ ഇത്തരം മുൻകൈയെടുക്കണം - പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പതിനഞ്ചുകാരിയാ കാലാവസ്ഥാ പ്രവർത്തക സോഹെ ഒസിഗ്‌ബോ പറഞ്ഞു.

ഗ്രീൻഫിംഗേഴ്‌സ് വൈൽഡ് ലൈഫ് ഇനിഷ്യേറ്റീവ് എന്ന സംഘടനയാണ് ഇതിനുള്ള സഹായങ്ങൾ ഇവർക്ക് നൽകിയത്. ലാഗോസിലെ ഒരു വലിയ ഷോപ്പിംഗ് മാളിന്റെ കാർ പാര്‍ക്കിംഗിലാണ് ഇവർ ഈ ഫാഷൻ ഷോ സംഘടിപ്പിച്ചത്. പലനിറത്തിലുള്ള പ്ലാസ്റ്റിക്ക് ബാഗുകളും, ബോട്ടിലുകളും, അത്തരത്തിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കൊണ്ടായിരുന്നു പെൺകുട്ടികൾ വസ്ത്രങ്ങൾ തയ്യാറാക്കിയത്. ' ഞങ്ങൾ വെറും കൗമാരക്കാരാണ്, എങ്കിലും ലോകത്തിൽ മാറ്റം വരുത്താൻ ഞങ്ങൾ ശ്രമിക്കുകയാണ് - അവര്‍ പറയുന്നു