കക്കാട് പുഴ ശുചീകരണം തുടങ്ങി: അഴകിൽ തെളിഞ്ഞൊഴുകാൻ

Friday 23 April 2021 8:58 PM IST
കക്കാട് പുഴയിൽ നവീകരണം പുരോഗമിക്കുന്നു

കണ്ണൂർ:കോർപറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന കക്കാട് പുഴ ശുചീകരണം പുരോഗമിക്കുന്നു.പുഴയെ വിനോദ സഞ്ചാരത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു കോടി രൂപ ചിലവ് പ്രതീക്ഷിച്ചാണ് പ്രവൃത്തി ആരംഭിച്ചത്.ചെളിയും മാലിന്യവും പുഴയിൽ നിന്ന് നീക്കം ചെയ്യലാണ് ആദ്യഘട്ടം.

രണ്ടാംഘട്ടത്തിൽ നടപ്പാത ഉൾപ്പെടെയുള്ള സൗന്ദര്യവത്കരണം നടക്കും. പുഴയുടെ തീരം കൈയേറി പണിത കെട്ടിടങ്ങളും പൊളിച്ചു നീക്കാനാണ് തീരുമാനം.ഇതിനായി തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുഴയും അനുബന്ധ സ്ഥലവും അളന്ന് തിട്ടപ്പെടുത്തി.

വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് മികച്ച ആർക്കിടെക്ടുകളെ ഉപയോഗിച്ച് പാർക്കുകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.

സർക്കാരിൽ നിന്ന് എം പാനൽ ചെയ്യപ്പെട്ട അർബൻ ഡിസൈനർമാരായ ആർക്കിടെക്റ്റുമാരുടെ പാനലിൽ നിന്നും മൂന്ന് പേരെ തിരഞ്ഞെടുത്തിട്ടുമുണ്ട്. ഇവർ മികച്ച ഡിസൈൻ തിരഞ്ഞെടുക്കും. ഇത് പ്രകാരമായിരിക്കും പാർക്കിന്റെ തുടർപ്രവൃത്തി.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പുഴയെ പുന‌ർജീവിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.സായാഹ്നം ചിലവിടാൻ ഇരിപ്പിടം,ഗതാഗത സൗകര്യം,ബോട്ടിംഗ് സംവിധാനം എന്നിവ ഇതോടനുബന്ധിച്ചുണ്ടാകും. 2020-21 സാമ്പത്തിക വർഷത്തെ ധനകാര്യ കമ്മിഷൻ ഗ്രാൻഡ് ടൈഡ് ഫണ്ടിലെ 90 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തി 75 ശതമാനത്തോളം പൂർത്തിയായതായി അധികൃതർ പറഞ്ഞു.മേയ് 15 പദ്ധതി പൂർത്തികരിക്കാനാണ് ശ്രമം.

കണ്ണൂരിന്റെ കണ്ണീർ

പ്ലാസ്റ്റിക്ക് കുപ്പികൾ ,അറവ് മാലിന്യങ്ങൾ ഉൾപ്പെടെ കണ്ണൂർ നഗരത്തിലെ മാലിന്യങ്ങളുടെ കേന്ദ്രമായി മാറിയിരുന്നു കക്കാട് പുഴ. വേനൽ കനക്കുന്നതോടെ വറ്റി വരളും.പുഴ കൈയ്യേറി നിരവധി നിർമ്മാണ പ്രവൃത്തികളും നടന്നിരുന്നു.അപൂർവ്വ ഇനത്തിൽപെട്ട് അൻപതോളം പക്ഷികളുടെ കേന്ദ്രവും ജൈവവൈവിധ്യങ്ങളുടെ കലവറയുമാണ് ഇവിടം.പുഴയെ വീണ്ടെടുക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ആവശ്യത്തിന് നടപടിയെടുക്കാത്തത് നാട്ടുകാരിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഇടക്കാലത്ത് അധികൃതർ ചെറിയ ഇടപെടലുകൾ നടത്തിയെങ്കിലും വൈകാതെ പഴയപടിയായി.

കക്കാട് പുഴയെ സംരക്ഷിക്കുന്നതിനോടൊപ്പം വിനോദ സഞ്ചാര മേഖലയുടെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ചത്.പുഴയോട് ചേർന്ന് പാർക്കും നിർമ്മിക്കും.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വിപുലമായ പദ്ധതിക്കാണ് ലക്ഷ്യമിടുന്നത്.

അഡ്വ.ടി.ഒ.മോഹനൻ,കോർപ്പറേഷൻ മേയർ