കമാൻഡോകളെ പുറത്താക്കി ഡി.ജി.പി ; നാണക്കേടിന്റെ തടവിൽ ജയിൽ വകുപ്പ്

Friday 23 April 2021 9:23 PM IST

കണ്ണൂർ: കമാൻഡോകളുടെ സാന്നിദ്ധ്യത്തിൽ സെൻട്രൽ ജയിലിൽ നിന്നു രണ്ട് ലക്ഷം രൂപ മോഷണം പോയ സംഭവം ജയിൽ വകുപ്പിന് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിൽ ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ സഹായം തൽക്കാലം ആവശ്യമില്ലെന്ന് ഡി.ജി..പി ഋഷിരാജ് സിംഗ് ഡയറക്ടറെ അറിയിച്ചു. ഈ ടീമിനെ പിൻവലിച്ച് പകരം ജയിൽ ഉദ്യോഗസ്ഥർക്ക് തന്നെ സുരക്ഷാചുമതല നൽകാനാണ് തീരുമാനം. ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി വിനോദ് കുമാറിനെ ചുമതലപ്പെടുത്തി.

സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷയ്ക്ക് ഹൈടെക് സംവിധാനമൊരുക്കാൻ രണ്ട് വർഷം മുമ്പ് ജയിൽ വകുപ്പ് തീരുമാനമെടുത്തിരുന്നു.തടവുകാരുടെ ജയിൽ ചാട്ടവും മൊബൈൽ ഫോണും മയക്കുമരുന്നും കഞ്ചാവുമടക്കമുള്ള സാധനങ്ങൾ ജയിലിനുള്ളിലേക്ക് കടത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ജയിൽ വകുപ്പ് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ തീരുമാനങ്ങൾ ഇനിയും എവിടെയുമെത്തിയില്ല.കഞ്ചാവും ,മയക്കു മരുന്നും ഉൾപ്പെടയുള്ള ലഹരി വസ്തുക്കളും മൊബൈലും അടക്കം ജയിലിലേക്ക് കടത്തുന്നവർ ജയിൽ കവാടത്തിൽ തന്നെ പിടിക്കപ്പെടുന്ന രീതിയിൽ സുരക്ഷ ക്രമീകരിക്കാനായിരുന്നു ജയിൽ വകുപ്പിന്റെ തീരുമാനം. ബോഡി സ്‌കാനറും ബാഗേജ് സ്‌കാനറും മൊബൈൽ ഡിറ്റക്ടറും അടക്കമുള്ള അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കാനും തീരുമാനമെടുത്തിരുന്നു. എന്നാൽ അടിസ്ഥാന സൗകര്യമെന്ന നിലയിൽ ജയിലിലെ സി.സി.ടി.വികൾ പോലും പ്രവർത്തനക്ഷമമല്ല.

അന്തേവാസികളെ കേന്ദ്രീകരിച്ച് അന്വേഷണം

ജയിലിൽ നിന്നും രണ്ട് ലക്ഷം രൂപ മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട് അന്തേവാസികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. സംഭവത്തിൽ ടൗൺ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ജയിലിൽ പരിശോധന നടത്തിയിരുന്നു. പൊലീസ് നായ ജയിലിനടുത്ത പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് വരെ പോയി തിരിച്ചു വരികയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം കവർച്ചക്കാർക്ക് കിട്ടിയിട്ടുണ്ടോയെന്നും ടൗൺ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബുധനാഴ്ച രാത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ന്ന പോ​ലെ ജ​യി​ലി​ലും വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചി​രു​ന്നു.ഈ ​സ​മ​യ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്നാ​ണു പൊ​ലീ​സി​ന്റെ അ​നു​മാ​നം. ഇ​ത്ര​യും സു​ര​ക്ഷാ സം​വി​ധാ​ന​മു​ള്ള ജ​യി​ലി​ൽ മോ​ഷ​ണം ന​ട​ന്ന​ത് വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് ജ​യി​ൽ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

ശി​ക്ഷാ​ത​ട​വ് തീ​രാ​റാ​യ​വ​രെ​യാണ് പ്ര​ധാ​ന​മാ​യും പു​റ​ത്തെ ജോ​ലി​ക​ൾ​ക്കാ​യി പു​റ​ത്ത് എ​ത്തി​ക്കു​ന്ന​ത്.വൈ​കു​ന്നേ​ര​ത്തോ​ടെ തടവുകാരെയെല്ലാം അ​ത​തു ബ്ലോ​ക്കി​ലേ​ക്ക് അ‍​യ​ക്കും. ബുധനാഴ്ച രാത്രി ക​ന​ത്ത മ​ഴ​യാ​യ​തു കൊ​ണ്ടും വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തു കൊ​ണ്ടും അ​ന്തേ​വാ​സി​ക​ളെ​ല്ലാം നേ​ര​ത്തെ കി​ട​ന്നു​റ​ങ്ങി​യി​രുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.