രജിസ്റ്റർ ചെയ്തവർക്ക് മാത്രം വാക്‌സിൻ; എന്നിട്ടും തീരാതെ ക്യൂ

Friday 23 April 2021 9:24 PM IST

കാസർകോട്: സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ഇന്നലെ മുതൽ കൊവിഡ് വാക്സിനേഷൻ കോവിൻ വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് നൽകുന്നത്. ഇതറിയാതെ രാവിലെ എഴ് മുതൽ തന്നെ എത്തി ക്യൂവിൽ നിന്ന പലരും കുടുങ്ങി. കാസർകോട് നഗരസഭ കോൺഫറൻസ് ഹാളിലെ കുത്തിവെപ്പ് കേന്ദ്രത്തിൽ രാവിലെ ഏഴ് മുതൽ തന്നെ എത്തിയ പലർക്കും കൊവിഡ് വാക്സിനേഷന് ഓൺലൈനിൽ ബുക്ക് ചെയ്യണമെന്ന കാര്യം അറിയില്ലായിരുന്നു.

വാക്സിനേഷൻ കൗണ്ടറിനരികിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞതുതന്നെ. ഇതേ തുടർന്ന് പലരും അധികൃതരുമായി വാക്കേറ്റത്തിലേർപ്പെട്ടു. 280 പേരാണ് ഈ കേന്ദ്രത്തിൽ ഇന്നലെ ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നത്. ഇവർക്ക് മാത്രമാണ് ഇന്നലെ വാക്സിനേഷൻ നൽകുന്നത്. അതേസമയം വാക്സിന് ക്ഷാമം നേരിടുന്നതും ആശങ്കക്കിടയാക്കുന്നു. കൊവിഷീൽഡ് വാക്സിൻ പത്ത് ദിവസമായിട്ടും ജില്ലയിലെത്തിയിട്ടില്ല. ആദ്യതവണ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർ രണ്ടാംതവണത്തെ കുത്തിവെപ്പിനായി കാത്തിരിക്കുകയാണ്. കോവിഷീൽഡ് എന്ന് എത്തുമെന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തതയില്ല. ആദ്യ തവണ കോവിഷീൽഡ് സ്വീകരിച്ച മധൂർ സ്വദേശി രണ്ടാംതവണത്തെ കുത്തിവെപ്പിനായി മൂന്ന് തവണയാണ് ക്യൂവിൽ നിന്ന് മടങ്ങിയത്. മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് മാത്രമായിരിക്കും വാക്സിനേഷൻ നൽകുകയെന്ന് ഡി.എം.ഒ അറിയിച്ചു.