കൊവിഡ് ബാധിച്ച് മരിച്ച സംഗീത സംവിധായകൻ ശ്രാവൺ കുംഭമേളയിൽ പങ്കെടുത്തിരുന്നുവെന്ന് മകൻ

Sunday 25 April 2021 12:55 AM IST

മുംബയ്: കൊവിഡ് ബാധിച്ച് മരിച്ച പ്രമുഖ ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡും ഭാര്യയും കുംഭമേളയിൽ പങ്കെടുത്തിരുന്നുവെന്ന് മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡ് വെളിപ്പെടുത്തി. കുംഭമേളയിൽ പങ്കെടുത്തശേഷം ഏതാനും ദിവസം മുമ്പാണ് ഇരുവരും തിരിച്ചെത്തിയതെന്നും അതിന് ശേഷമാണ് രണ്ടാൾക്കും കൊവിഡ് പോസിറ്റീവായതെന്നും മകൻ സഞ്ജീവ് പറഞ്ഞു. കൊവിഡ് ബാധിച്ച് ചികിത്സയിലാണ് സഞ്ജീവ്.

മുംബയിലെ മാഹിമിലെ എസ്.എൽ റഹേജ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് ശ്രാവൺ മരിച്ചത്. 66 വയസായിരുന്നു.

ഹിന്ദി സിനിമയിൽ ആർ.ഡി ബർമൻ-എസ്.ഡി ബർമൻ, ബപ്പി ലഹ്‌രി കാലഘട്ടത്തിന് ശേഷം ആരാധകരെ കൈയിലെടുത്ത സംഗീത സംവിധായകരായിരുന്നു നദീം- ശ്രാവൺ ജോടി.

തൊണ്ണൂറുകളിൽ ബോളിവുഡിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംഗീത സംവിധായകനാണ് അദ്ദേഹം. 1990ൽ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.

ദിൽ ഹേ കീ മാൻതാ നഹീ, സാജൻ, സഡക്, ദീവാനാ, പർദേസ്, ആഷിഖി, കസൂർ, രാസ്, ബർസാത് തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഹാനങ്ങളാണ് നദീം-ശ്രാവൺ സഖ്യത്തെ ഹിന്ദി ചലച്ചിത്രലോകത്ത് പ്രിയപ്പെട്ടവരാക്കിയത്.

ശ്രാവണിന്റെ വേർപാടിൽ നിരവധി പേർ അനുശോചിച്ചു.