ബോളിവുഡ് നടൻ അമിത് മിസ്ട്രി അന്തരിച്ചു
Saturday 24 April 2021 12:02 AM IST
മുംബയ്: ജനപ്രിയ ബോളിവുഡ് - ഗുജറാത്തി നടൻ അമിത് മിസ്ട്രി (47) അന്തരിച്ചു. ഇന്നലെ രാവിലെ 9.30ഓടെ അന്ധേരിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഗുജറാത്തി തിയേറ്റർ രംഗത്തുനിന്ന് ബോളിവുഡിലെത്തിയ അദ്ദേഹം ക്യാ കെഹ്‌ന, ഏക് ചാലിസ് കി ലാസ്റ്റ് ലോക്കൽ, 99, ഷോർ ഇൻ ദി സിറ്റി, യംല പഗ്‌ല ദീവാന, ബെ യാർ, എ ജന്റിൽമാൻ, ആമസോൺ പ്രൈമിലെ ബന്ദിഷ് ബണ്ടിറ്റ്സ് എന്ന വെബ് സീരീസ് തുടങ്ങിയവയിലടക്കം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
ജനപ്രിയ ഷോയായ 'യെ ദുനിയ ഹെ രംഗീനി'ലും അദ്ദേഹം പങ്കെടുത്തിരുന്നു. തികച്ചും ആരോഗ്യവാനായിരുന്ന അദ്ദേഹം പതിവായുള്ള വ്യായാമത്തിന് ശേഷം മുംബയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് നടന്റെ മാനേജർ മഹർഷി ദേശായി പറഞ്ഞു.
ചലച്ചിത്ര, ടെലിവിഷൻ രംഗത്തെ നിരവധിപ്പേർ അനുശോചിച്ചു.