അയോദ്ധ്യക്കേസിൽ ഷാരൂഖിനെ മദ്ധ്യസ്ഥനാക്കാൻ ജസ്റ്റിസ് ബോബ്ഡെ ശ്രമിച്ചെന്ന് അഭിഭാഷകൻ
ന്യൂഡൽഹി: അയോദ്ധ്യാ ഭൂമി തർക്ക കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മദ്ധ്യസ്ഥനാക്കാൻ ജസ്റ്റിസ് എസ്.എ. ബോബ്ഡെ ശ്രമിച്ചെന്ന് സുപ്രീകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വികാസ് സിംഗ് വെളിപ്പെടുത്തി. ഇന്നലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ജസ്റ്റിസ് ബോബ്ഡെയുടെ യാത്രയയപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു വികാസ് സിംഗ്. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു പരിപാടി.
'അയോദ്ധ്യാക്കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് എസ്.എ. ബോബ്ഡെ നടൻ ഷാരൂഖ് ഖാനെ മദ്ധ്യസ്ഥനാക്കാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ഷാരൂഖുമായി താൻ സംസാരിച്ചു. മദ്ധ്യസ്ഥനാകാൻ ഷാരൂഖ് തയ്യാറായി. പക്ഷേ, ദൗർഭാഗ്യവശാൽ അതു നടന്നില്ല.'- വികാസ് സിംഗ് പറഞ്ഞു.
പിന്നീട് റിട്ട. ജഡ്ജ് കലീഫുള്ള, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരെ സുപ്രീംകോടതി മദ്ധ്യസ്ഥതയ്‌ക്കായി നിയോഗിച്ചു. ഇവരുടെ മദ്ധ്യസ്ഥ ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെയാണ് കോടതി ഇടപെട്ട് കേസിൽ വിധി പറഞ്ഞത്.
ആഡംബര ബൈക്കുകളോടുള്ള ജസ്റ്റിസ് ബോബ്ഡെയുടെ അഭിനിവേശത്തെക്കുറിച്ചും വികാസ് സിംഗ് സംസാരിച്ചു. തന്റെ കൈവശമുണ്ടായിരുന്ന ഹാർലി ഡേവിഡ്സൺ ബൈക്ക് വിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ ജസ്റ്റിസ് ബോബ്ഡെ അത് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചു. ഭാരം കൂടിയ ബൈക്കായിരുന്നിട്ടും അദ്ദേഹം പിന്മാറിയില്ല. ചെറുപ്പം മുതൽ ബൈക്കുകൾ ഓടിക്കുന്ന ആളാണെന്ന് പറഞ്ഞ് അദ്ദേഹം അതു വാങ്ങി. പിന്നീട് ബൈക്കിൽ നിന്ന് വീണ് ബോബ്ഡെയ്‌ക്ക് പരിക്കു പറ്റിയ കാര്യവും വികാസ് സിംഗ് സൂചിപ്പിച്ചു.
ജസ്റ്റിസ് എൻ.വി. രമണ ഇന്ന് ചുമതലയേൽക്കും
രാജ്യത്തെ 48-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി. രമണ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ആന്ധ്രാപ്രദേശിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ് എന്ന ബഹുമതി സ്വന്തമാക്കുന്ന ജസ്റ്റിസ് രമണയ്ക്ക് 2022 ആഗസ്റ്റ് 26വരെ പദവിയിൽ തുടരാം.
അങ്ങേയറ്റം സംതൃപ്തിയോടെയാണ് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നത്.
സുപ്രീംകോടതിയെ നയിക്കാൻ യോഗ്യനായ ജസ്റ്റിസ് രമണയ്ക്ക് ബാറ്റൺ കൈമാറുന്നു.
-ജസ്റ്റിസ് ബോബ്ഡെ