ആലപ്പുഴ സി.പി.എമ്മിൽ ഗുരുതര പ്രശ്നങ്ങളില്ലെന്ന് വിജയരാഘവൻ

Saturday 24 April 2021 12:50 AM IST

തിരുവനന്തപുരം: ആലപ്പുഴയിൽ സി.പി.എമ്മിനകത്ത് ഗുരുതരമായ സംഘടനാ പ്രശ്നങ്ങളില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പറഞ്ഞു.

മികച്ച രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് ആലപ്പുഴ ജില്ലയിൽ നടന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽപ്പോലും പാർട്ടി വിജയിച്ച ജില്ലയാണത്. ചില പത്രങ്ങളാണ് പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കുന്നത്. പത്രങ്ങളിൽ വന്ന വാർത്തകൾക്കപ്പുറത്തേക്ക് രൂക്ഷമായ എന്തെങ്കിലും പ്രശ്നങ്ങൾ അവിടെയില്ലെന്നും . സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ ശേഷം വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മികച്ച വിജയമുണ്ടാകുമെന്നാണ് വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം പാർട്ടി എത്തിച്ചേർന്ന നിഗമനം. കെ.ടി. ജലീൽ രാജി വച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഇനി അതു സംബന്ധിച്ച ചർച്ചകൾക്ക് പ്രസക്തിയില്ല. ലോകായുക്ത വിധിയുണ്ടായപ്പോൾ തന്നെ അദ്ദേഹം മന്ത്രിസ്ഥാനമൊഴിഞ്ഞല്ലോ. അതിലിനിയെന്താണ് ചോദ്യങ്ങൾ. വെറുതെ വാർത്തയുണ്ടാക്കാമെന്നല്ലാതെ എല്ലാം കഴിഞ്ഞു പോയ കാര്യങ്ങളാണെന്നും വിജയരാഘവൻ പറഞ്ഞു.

 വോട്ടെണ്ണൽ ദിവസം

വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങളുടെ കാര്യത്തിൽ തിങ്കളാഴ്ചത്തെ സർവ്വകക്ഷി യോഗ തീരുമാനമനുസരിച്ച് നീങ്ങാൻ സി.പി.എം സെക്രട്ടേറിയറ്റിൽ ധാരണ. നിയന്ത്രണം വേണമെന്നതാണ് പാർട്ടിയുടെ സമീപനം. . കൊവിഡ് അവലോകന യോഗങ്ങളുടെ തിരക്കിലായതിനാൽ മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തില്ല. മറ്റ് ജില്ലകളിൽ നിന്നുള്ള സെക്രട്ടേറിയറ്റംഗങ്ങളും പലരും എത്തിയില്ല.