മഞ്ചേരി മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ

Saturday 24 April 2021 12:00 AM IST

കൊവിഡിന്റെ രണ്ടാംതരംഗത്തിൽ നാടാകെ വിറച്ചു നിൽക്കുമ്പോൾ മലപ്പുറത്തിന്റെ ആരോഗ്യ മേഖല നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ആരോഗ്യ സംവിധാനങ്ങളുടെ കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ജനസംഖ്യാനുപാധികമായി നോക്കിയാൽ ആരോഗ്യസംവിധാനങ്ങളുടെ എണ്ണം തീർത്തും അപര്യാപ്തമാണ്. 2,500 പേർക്ക് ഒരു ബെഡാണ് മലപ്പുറത്തെ സർക്കാർ ആശുപത്രികളിലുള്ളത്. മിക്ക ജില്ലകളിലും ഇത് ആയിരത്തിൽ താഴെയാണ്. മാറിമാറി വരുന്ന സർക്കാരുകൾ മലപ്പുറത്തിന്റെ ആരോഗ്യ മേഖലയുടെ പിന്നാക്കാവസ്ഥയെ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാൻ തയ്യാറാവാത്തതിന്റെ നേർചിത്രമാണ് ഇതെല്ലാം. പ്രത്യേക കൊവിഡ് ആശുപത്രിയാക്കിയ മഞ്ചേരി മെഡിക്കൽ കോളേജ് വീണ്ടും ഗുരുതര കൊവിഡ് രോഗികളാൽ നിറഞ്ഞിട്ടുണ്ട്. ആകെ 41 വെന്റിലേറ്ററേ ഇവിടെയുള്ളൂ. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിലുള്ളത് മൂന്ന് വെന്റിലേറ്ററും. കൊവിഡിന്റെ ആദ്യവരവിൽ രോഗികളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചതോടെ വെന്റിലേറ്റർ സൗകര്യമില്ലാത്തതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ചയച്ച കൊവിഡ് രോഗിയായ വൃദ്ധ മരിച്ചത് ആരോഗ്യ മേഖലയ്ക്ക് തന്നെ കളങ്കമായിരുന്നു. കൊവിഡ് പോസിറ്റീവായ ഗർഭിണികളുടെ ചികിത്സാ വിഭാഗത്തിൽ ഗൈനക് ഡോക്ടർമാരുടെ കുറവിനെ തുടർന്ന് ഗർഭിണിക്ക് കൃത്യസമയത്ത് ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികൾ മരിച്ചതും വലിയ വിവാദമായി. ഇതിനു പിന്നാലെയാണ് കൂടുതൽ ഡോക്ടർമാരെ നിയമിച്ചതെങ്കിലും ഇതും പര്യാപ്തമല്ല. പീഡിയാട്രിക്, ജനറൽ വിഭാഗങ്ങളിലും ഡോക്ടർമാരുടെ കുറവുണ്ട്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി ആയിരം കവിഞ്ഞതോടെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുകയാണ് മലപ്പുറം. നിലമ്പൂർ, തിരൂർ, പെരിന്തൽമണ്ണ എന്നിവയെ ജില്ലാ ആശുപത്രികളാക്കി ഉയർത്തിയിട്ടുണ്ടെങ്കിലും താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങളേയുള്ളൂ. മഞ്ചേരി ജനറൽ ആശുപത്രിയെ പേരുമാറ്റിയാണ് മഞ്ചേരി മെഡിക്കൽ കോളേജാക്കി മാറ്റിയത്. വർഷം എട്ടായെങ്കിലും അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കാനായിട്ടില്ല. മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ജനറൽ ആശുപത്രിയും 300 കിടക്കകളുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും ഇല്ലാതാക്കിയായിരുന്നു മെഡിക്കൽ കോളേജിന്റെ വരവ്.

ജനറൽ ആശുപത്രി പുതുതായി നിർമ്മിക്കാൻ 2014 ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും യാഥാർത്ഥ്യമായില്ല. മഞ്ചേരി മെഡിക്കൽ കോളേജിൽ ഡോക്ടർമാർ അടക്കം 130ഓളം ജീവനക്കാരാണുള്ളത്. 800 രോഗികളെ പരിശോധിക്കാൻ സംവിധാനമുള്ള ഇവിടെ കൊവിഡിന് മുമ്പ് ദിനംപ്രതിയെത്തിയിരുന്നത് 3,500 രോഗികൾ വരെ. മൂന്നൂറോളം രോഗികളെ അഡ്മിറ്റ് ചെയ്യേണ്ടിയും വരാറുണ്ട്. ആകെയുള്ളത് 500 ബെഡും. വരാന്തയും നിറയുന്നതോടെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല. ജനറൽ ആശുപത്രി കൂടി യാഥാർത്ഥ്യമായാൽ ജില്ലയുടെ ആരോഗ്യമേഖലയുടെ ദുരവസ്ഥയ്ക്ക് ഒരുപരിധി വരെ പരിഹാരമാവും.

പിടിച്ചുകെട്ടാനാവാതെ കൊവിഡ് സംസ്ഥാനത്ത് ഏറ്റവും കൂടിയ പോസിറ്റിവിറ്റി നിരക്കുള്ളത് മലപ്പുറത്താണ്. തുടർച്ചയായി 20 ശതമാനത്തിന് മുകളിൽ. കൊവിഡിന്റെ ആദ്യതരംഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുണ്ടായിരുന്നത് മലപ്പുറത്തായിരുന്നു. നിലവിൽ തുടർച്ചയായി 2000ത്തിന് അടുത്ത് രോഗികളുണ്ടാവുന്നുണ്ട്. വലിയ പോസിറ്റിവിറ്റി നിരക്കിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30,000 പേർക്ക് കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇന്നലെ 2,776 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരായവരിൽ അധിക പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെ തന്നെയാണ് രോഗം ബാധിച്ചിട്ടുള്ളത്. 2,675 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 60 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. കൊവിഡ് നാൾവഴികളിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഏപ്രിൽ 20 ലെ 1,945 എന്നതിൽ നിന്നും മൂവായിരത്തിനടുത്തേക്ക് രോഗികൾ വർദ്ധിക്കാൻ വെറും ഒരു ദിവസത്തെ ഇടവേള മാത്രമാണ് എടുത്തതെന്നത് രോഗവ്യാപനത്തിന്റെ വേഗതയിലേക്കാണ് സൂചനകൾ നൽകുന്നത്. ജില്ലയിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ സ്വകാര്യ മമേഖലയിലേക്കുൾപ്പടെ വ്യാപിപ്പിച്ച് ശക്തമായ രോഗ പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

എവിടെ ഡോക്ടർമാർ ? ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലായി 540 ഡോക്ടർമാരാണുള്ളത്. ഒഴിവുകൾ നിലവിലില്ല. കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും കൊവിഡ് ആശുപത്രികളും സജ്ജീകരിക്കേണ്ടി വന്നാൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ വലിയ കുറവുണ്ടാവും. കൊവിഡിന്റെ തുടക്കത്തിൽ പലയിടങ്ങളിലും ആയുഷ്, ഡെന്റൽ ഡോക്ടർമാരെയാണ് നിയമിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്. ജനസംഖ്യാനുപാധികമായി ആരോഗ്യസംവിധാനങ്ങൾ ഒരുക്കാത്തിടത്തോളം കാലം മലപ്പുറത്തിന്റെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ചു കൊണ്ടേയിരിക്കും.