സെൻട്രൽ ജയിലിൽ 154 പേർക്ക് കൊവിഡ്

Monday 26 April 2021 12:07 AM IST
കണ്ണൂർ സെൻട്രൽ ജയിൽ

കണ്ണൂർ: അന്തേവാസികളെയും ജീവനക്കാരെയും ആശങ്കയിലാക്കി ജയിലുകളിൽ കൊവിഡ് പടരുന്നു. സെൻട്രൽ ജയിലുകളിൽ കണ്ണൂരിലാണ് കൊവിഡ് രോഗികൾ ഏറ്റവും കൂടുതൽ- 154. തടവുകാർക്കും ജയിൽ ജീവനക്കാർക്കുമായി നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത്. മറ്റു സെൻട്രൽ ജയിലുകളിലും ജില്ലാ ജയിലുകളിലും വനിതാ ജയിലുകളിലും നടത്തിയ പരിശോധനയുടെ ഫലം വരുന്നതോടെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചേക്കുമെന്നാണ് ജയിൽ വകുപ്പ് കരുതുന്നത്. പരോൾ കഴിഞ്ഞ് ജയിലിലെത്തിയ രണ്ടു പേർക്കാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടർന്നത്.

കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ടു ദിവസത്തെ പരിശോധനയിലാണ് 154 കേസുകൾ കണ്ടെത്തിയത്. ഇന്നലെ മാത്രം 83 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പത്തു പേർ ജീവനക്കാരാണ്. ജയിലുകളിൽ തിങ്ങിനിറഞ്ഞാണ് തടവുകാർ കഴിയുന്നത്. ആദ്യം കൊവിഡ് സ്ഥിരീകരിച്ച രണ്ടു തടവുകാരെ തളിപ്പറമ്പിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ, രോഗബാധിതരായ കൂടുതൽ തടവുകാരെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയെന്നത് പ്രായോഗിക കാര്യമല്ല.

തടവുകാരെ മാറ്റാനും ഇടമില്ല

കൊവിഡ് ബാ​ധി​ച്ച ത​ട​വു​കാ​രെ മാറ്റാനും ഇടമില്ലാതെ ശ്വാസംമുട്ടി കഴിയുകയാണ് ജയിലുകൾ. 600 തടവുകാരെ ഉൾക്കൊള്ളാവുന്ന കണ്ണൂർ ജയിലിൽ എണ്ണൂറോളം അന്തേവാസികളുണ്ട്. ഇതു രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ജ​യി​ലി​നു​ള്ളി​ലെ ക്വാ​റന്റൈൻ കേന്ദ്രത്തിലും മതിയായ സൗകര്യങ്ങളില്ല. ഇനിയും പോസിറ്റീവ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​താൽ ജയിലിലെ സൗകര്യം തികയാതെ വരുമെന്ന ആശങ്കയിലാണ്​ ജയിൽ അധികൃതർ. നിലവിൽ പ്രത്യേക ബ്ളോക്കിൽ ഡോർമിറ്ററി സംവിധാനം ഒരുക്കിയാണ്​ കൊവിഡ്​ രോഗികളെ പാർപ്പിച്ചിരിക്കുന്നത്​. നിരീക്ഷണത്തിലുള്ളവർക്കും ഇതേ സൗകര്യമാണ്​ ഒരുക്കിയിരിക്കുന്നത്​.

ഡോക്ടർമാരുടെ സേവനവും അപര്യാപ്തം

നിലവിൽ രണ്ടു​ ഡോക്​ടർമാരുടെ മുഴുവൻ സമയ സേവനമാണ്​ സെൻട്രൽ ജയിലുകളിൽ ഒരുക്കിയിരിക്കുന്നത്​. രോഗികളുടെ എണ്ണം കൂടുകയാണെങ്കിൽ ജില്ല ആശുപത്രിയിൽ നിന്ന്​ കൂടുതൽ ഡോക്​ടർമാരുടെ സേവനം ആവശ്യപ്പെടുമെന്ന് അധികൃതർ പറഞ്ഞു. തടവുകാരിൽ 45 വയസ്സിനു മുകളിലുള്ള ഏതാനും പേർ മാത്രമാണ് ആദ്യഘട്ട കൊവിഡ് വാക്സിൻ സ്വീകരിച്ചത്. മറ്റുള്ളവർക്ക് കൂടി വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് അധികൃതർ.