ചരിത്രം കുറിക്കും ഇന്നത്തെ ഓസ്‌കാർ, മികച്ച സംവിധാനത്തിന് 2 വനിതകൾ, നടന്മാരുടെ ലിസ്റ്റിൽ ഏഷ്യൻവംശജർ
ലോസാഞ്ചലസ്: കൊവിഡിനെത്തുടർന്ന് ആർഭാടങ്ങൾ ഒഴിവാക്കി ഹോളിവുഡിൽ 93ാമത്തെ ഓസ്‌കാർ നിശ അരങ്ങേറുമ്പോൾ ലോക സിനിമ ചരിത്ര മുഹൂർത്തങ്ങൾക്ക് കാതോർക്കുന്നു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് ഡോൾബി തിയേറ്ററിലാണ് ചടങ്ങ്. മികച്ച സംവിധാനത്തിന് രണ്ട് വനിതകൾ മത്സരിക്കുന്നതാണ് പ്രധാനസവിശേഷത - ക്ലോയ് ഷാവോ, എമറാൾഡ് ഫെനൽ എന്നിവർ. ചൈനീസ് വംശജയായ ക്ലോയ് ഷാവോ ഈ നോമിനേഷൻ നേടുന്ന ആദ്യ ഏഷ്യക്കാരിയുമാണ്. നൊമാഡ് ലാൻഡ് എന്ന സിനിമയ്ക്കാണ് നോമിനേഷൻ. പ്രശസ്ത ബ്രിട്ടീഷ് നടിയും സംവിധായികയുമാണ് എമറാൾഡ് ഫെനൽ ( ചിത്രം പ്രോമിസിംഗ് യംഗ് വുമൺ ).
മികച്ച നടനുള്ള മത്സരത്തിലും ഏഷ്യൻ വംശജരായ രണ്ടു പേരുണ്ട്. പാക് ബന്ധമുള്ള റിസ് അഹമ്മദും കൊറിയക്കാരൻ സ്റ്റീവൻ യാങ്ങും. റിസ് അഹമ്മദ് ഈ നോമിനേഷൻ നേടുന്ന ആദ്യ മുസ്ലിം സമുദായാംഗവും ആദ്യ പാക് വംശജനുമാണ്. കാൻസർ ബാധിച്ച് കഴിഞ്ഞ വർഷം അന്തരിച്ച ബ്ലാക് പാന്തർ താരം ചാഡ്‌വിക് ബോസ്‌മാന് മികച്ച നടനുള്ള ഓസ്‌കാർ കിട്ടിയാൽ അതും ചരിത്രമാകും. മികച്ച നടനുള്ള മറ്റൊരു നോമിനി ആന്റണി ഹോപ്കിൻസ് ആണ്. ദ ഫാദർ എന്ന സിനിമയിൽ മറവിരോഗം ബാധിച്ച കഥാപാത്രമാണ് അദ്ദേഹത്തിന് നോമിനേഷൻ നേടിക്കൊടുത്തത്. 83 വയസുള്ള ആന്റണി ഹോപ്കിൻസ് ജേതാവായാൽ ഓസ്‌കാർ നേടുന്ന ഏറ്റവും പ്രായമുള്ള നടൻ ആയിരിക്കും.